ഇന്ത്യൻ ക്രിക്കറ്റിന്‍റെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക എന്നാണ് പൊതു വിശേഷണം, അതിനാല്‍തന്നെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി.
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കേപ്ടൗണിൽ തുടക്കമാവും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. മത്സരം ജയിച്ച് സമനിലയോടെ പരമ്പര അവസാനിക്കാനാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറും വഴി മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം.
ഇന്ത്യൻ ക്രിക്കറ്റിന്‍റെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക എന്നാണ് പൊതു വിശേഷണം. ഇത്തവണയും ദക്ഷിണാഫ്രിക്കൻ മണ്ണിലെ ടെസ്റ്റ് പരമ്പര വിജയമെന്ന മോഹം സെഞ്ചൂറിയനിലെ ഇന്നിംഗ്സ് തോൽവിയോടെ വീണുടഞ്ഞു. കേപ്ടൗണിൽ ജയിച്ച് പരമ്പര സമനിലയാക്കുകയെന്ന ലക്ഷ്യത്തോടെയാവും രോഹിത് ശർമ്മയും സംഘവും ഇന്നിറങ്ങുക. പരിക്കേറ്റ തെംബ ബാവുമായ്ക്ക് പകരം ടീമിനെ നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സീനിയര്‍ താരം ഡീൻ എൽഗാറിന്‍റെ വിടവാങ്ങൽ ടെസ്റ്റിൽ വിജയത്തിൽ കുറഞ്ഞതൊന്നും ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോം വീണ്ടെടുത്താലേ ഇന്ത്യക്ക് തല ഉയർത്താനാവൂ.
ആർ അശ്വിന് പകരം പരിക്കിൽ നിന്ന് മുക്തനായ രവീന്ദ്ര ജഡേജ ടീമിലെത്തുമെന്ന് ഉറപ്പ്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാറും പരിഗണനയിൽ. എന്നാല്‍ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ പ്രസിദ്ധിനെ ഒഴിവാക്കരുത് എന്ന ആവശ്യം ശക്തമാണ്. ബാവുമയ്ക്ക് പകരം സുബൈർ ഹംസയും കോയെറ്റ്സീക്ക് പകരം കേശവ് മഹാരാജും ദക്ഷിണാഫ്രിക്കൻ നിരയിലെത്തിയേക്കും. കേപ്ടൗണിൽ പേസർമാരെ തുണയ്ക്കുന്ന വിക്കറ്റായതിനാൽ രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുൽ എന്നിവരുടെ ചെറുത്തുനിൽപിനെ ആശ്രയിച്ചായിരിക്കും ടെസ്റ്റിന്‍റെ ഗതി.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനുള്ളത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 32 റണ്‍സിനും ടീം ഇന്ത്യ തോല്‍വി രുചിച്ചു. അതിനാല്‍ വന്‍ തിരിച്ചുവരവില്ലാതെ കേപ്ടൗണില്‍ വിജയിക്കുക ഇന്ത്യന്‍ ടീമിന് അസാധ്യമാകും.
