ലബുഷെയ്‌നും സ്‌മിത്തിനും ഇരട്ട സെഞ്ചുറി, റണ്‍മല തീര്‍ത്ത് ഓസീസ്; നല്ല തുടക്കവുമായി വിന്‍ഡീസ്

By Jomit JoseFirst Published Dec 1, 2022, 4:02 PM IST
Highlights

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 152.4 ഓവറില്‍ വെറും നാല് വിക്കറ്റിനാണ് 598 റണ്‍സ് പടുത്തുയര്‍ത്തിയത്

പെര്‍ത്ത്: ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 598 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് മികച്ച തുടക്കം. രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 25 ഓവറില്‍ 74 റണ്‍സെന്ന നിലയിലാണ് കരീബിയന്‍ ടീം. 73 പന്തില്‍ 47 റണ്‍സുമായി ടഗ്‌നരെയ്‌ന്‍ ചന്ദര്‍പോളും 79 പന്തില്‍ 18 റണ്ണുമായി നായകന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റുമാണ് ക്രീസില്‍. ഓസീസ് സ്കോറിനേക്കാള്‍ 524 റണ്‍സ് പിന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍. 

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 152.4 ഓവറില്‍ വെറും നാല് വിക്കറ്റിനാണ് 598 റണ്‍സ് പടുത്തുയര്‍ത്തിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഞ്ചിനും ഉസ്‌മാന്‍ ഖവാജ 65നും പുറത്തായപ്പോള്‍ ഇരട്ട സെഞ്ചുറികളുമായി മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്‌മിത്തും സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായ ട്രാവിഡ് ഹെഡുമാണ് ഓസീസിനെ പടുകൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ലബുഷെയ്‌ന്‍ 350 പന്തില്‍ 204 റണ്‍സ് നേടി. താരത്തിന്‍റെ കരിയറിലെ രണ്ടാം ഇരട്ട സെ‌ഞ്ചുറിയാണിത്. മറുവശത്ത് സ്റ്റീവ്‌ സ്‌മിത്ത് 311 പന്തില്‍ പുറത്താവാതെ 200* നേടി. ഇരുവരും 251 റണ്‍സിന്‍റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി. സ്‌മിത്തിന്‍റെ നാലാം ഡബിളാണിത്. 

രണ്ടാംദിനം അതിവേഗം ബാറ്റ് വീശിയ ട്രാവിസ് ഹെഡാണ് ഓസീസിനെ മുന്നോട്ട് കുതിപ്പിച്ചത്. എന്നാല്‍ സെഞ്ചുറിക്ക് ഒരു റണ്ണകലെ താരത്തെ ബ്രാത്ത്‌വെയ്റ്റ് ബൗള്‍ഡാക്കി. 95 പന്തിലാണ് ഹെഡ് 99 റണ്‍സെടുത്തത്. വിന്‍ഡീസിനായി ക്രൈഗ് ബ്രാത്ത്‌വെയ്റ്റ് രണ്ടും ജയ്‌ഡന്‍ സീല്‍സും കെയ്‌ല്‍ മെയേര്‍സും ഓരോ വിക്കറ്റും നേടി. വിന്‍ഡീസിന്‍റെ മറുപടി ബാറ്റിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും നായകന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലിയോണും പന്തെറിഞ്ഞിട്ടും ഓപ്പണിംഗ് കൂട്ടുകെട്ട് ഇതുവരെ ഓസീസിന് പൊളിക്കാനായിട്ടില്ല.

'റിഷഭ് പന്ത് മാച്ച് വിന്നര്‍, സഞ്ജു സാംസണ്‍ കാത്തിരിക്കണം'; വിമര്‍ശകരോട് ശിഖര്‍ ധവാന്‍ 

click me!