Latest Videos

ഐപിഎല്ലിൽ തകർത്തടിച്ചിട്ടും യുവതാരത്തെ ഒഴിവാക്കി, സ്മിത്തിനും ഇടമില്ല, ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമായി

By Web TeamFirst Published May 1, 2024, 9:20 AM IST
Highlights

2014നുശേഷം ആദ്യമായാണ് ലോകകപ്പ് ടീമുകളില്‍ നിന്ന് സ്റ്റീവ് സ്മിത്ത് പുറത്താവുന്നത്. ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണറുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും വെറ്ററന്‍ താരത്തില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ ഡല്‍ഹിക്കായി തകര്‍ത്തടിക്കുന്ന യുവതാരം ജേസണ്‍ ഫ്രേസര്‍ മക്‌ഗുര്‍കിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി. മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ലോകകപ്പ് ടീമില്‍ ഇടമില്ല.

മിച്ചല്‍ മാര്‍ഷ് നായകനാകുന്ന ടീമില്‍ ഏകദിന ലോകകപ്പ് നേടിയ നായകന്‍ പാറ്റ് കമിന്‍സുമുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഓസ്ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലാത്ത ആഷ്ടണ്‍ ആഗര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ 15 അംഗ ടീമിലെത്തിയതാണ് മറ്റൊരു സര്‍പ്രൈസ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനായി കളിക്കുന്ന ടിം ഡേവിഡ്, ഹൈദരാബാദിനായി തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡ്, ലഖ്നൗവിനായി തിളങ്ങിയ മാര്‍ക്കസ് സ്റ്റോയ്നിസ്, വെറ്ററന്‍ താരങ്ങളായ മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍ എന്നിവരും ലോകകപ്പ് ടീമിലുണ്ട്. മാത്യു വെയ്ഡിനൊപ്പം ജോഷ് ഇംഗ്ലിസാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം'; ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍

ഒരു ദശകത്തിനിടെ ആദ്യമായാണ് 34കാരനായ സ്മിത്ത് ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവുന്നത്. 2014നുശേഷം ഓസ്ട്രേലിയ കളിച്ച എല്ലാ ലോകകപ്പുകളിലും  സ്റ്റീവ് സ്മിത്ത് കളിച്ചിരുന്നു. ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണറുടെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും വെറ്ററന്‍ താരത്തില്‍ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷിനെ ഔദ്യോഗികമായി ഓസ്ട്രേലിയയുടെ ടി20 ക്യാപ്റ്റനായി തെരഞ്ഞെടുത്തുവെന്നതും മറ്റൊരു പ്രത്യകതയാണ്.

ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീം: മിച്ച് മാർഷ് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹാസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ , ആദം സാംപ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!