
ജയപൂര്‍: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായമെന്ന് തുടങ്ങുന്ന പാട്ടിലെ വരികള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് സഞ്ജു സന്തോഷം പ്രകടിപ്പിച്ചത്.
വിയര്‍പ്പു തുന്നിയിട്ട കുപ്പായം...
അതില്‍ നിറങ്ങള്‍മങ്ങുകയില്ല കട്ടായം
കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കില്‍ നീ ഉയരത്തില്‍ പറക്ക്
ചേറില്‍ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണില്‍ ജീവിക്കാന്‍ നമ്മക്ക്...
എന്നീ വരികളടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനശകലമാണ് സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് സഞ്ജുവിന് വേണ്ടി എഴുതിയ വരികള്‍ പോലെയുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകര്‍ കമന്‍റായി കുറിക്കുന്നത്. ഇന്ന് വൈകിട്ടാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്.
15 അംഗ ടീമിലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പമാണ് സഞ്ജുവും ഇടം നേടിയത്. 2011ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇന്ത്യക്കായി ഒരു മലയാളി താരം കളിക്കുന്നത്. ഐപിഎല്ലില്‍ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെത്തിച്ചത്.
അവസാന നിമിഷം വരെ സസ്പെന്‍സ് നിറച്ചാണ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിനൊപ്പം കെ എല്‍ രാഹുലാകും ലോകകപ്പ് ടീമിലെത്തുക തുടങ്ങിയ അഭ്യൂഹങ്ങളെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയാണ് സഞ്ജു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!