കാട്ടുതീ: ഓസ്‌ട്രേലിയക്ക് സഹായഹസ്‌തവുമായി കായികലോകം; കയ്യടിക്കേണ്ട തീരുമാനവുമായി വോണ്‍

By Web TeamFirst Published Jan 6, 2020, 4:34 PM IST
Highlights

തന്‍റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്യുകയാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍. 

സിഡ്‌നി: ദശലക്ഷക്കണക്കിന് ഏക്കര്‍ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയെ മെരുക്കാനുള്ള ശ്രമങ്ങളിലാണ് ഓസ്‌ട്രേലിയ. ഇതിനായി തന്‍റെ എളിയ സംഭാവന നല്‍കാനുള്ള ശ്രമത്തിലാണ് ഓസീസ് സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. തന്‍റെ വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ്പ് ലേലം ചെയ്യുകയാണ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍. 

ട്വിറ്ററിലൂടെ തിങ്കളാഴ്‌ചയാണ് ഇക്കാര്യം വോണ്‍ ലോകത്തെ അറിയിച്ചത്. 'എല്ലാവരും ഒറ്റക്കെട്ടായി ദുരന്തത്തെ അതിജീവിക്കണം, സഹായിക്കാനുള്ള വഴികള്‍ കണ്ടെത്തണം. ടെസ്റ്റ് കരിയറിലാകെ താന്‍ അണിഞ്ഞ പ്രിയ ബാഗി ഗ്രീന്‍ ക്യാപ്പ് ഇതിന്‍റെ ഭാഗമായി ലേലം ചെയ്യുകയാണ്' എന്നും ഇതിഹാസം ട്വീറ്റ് ചെയ്തു. ബാഗി ഗ്രീന്‍ തൊപ്പി വില്‍ക്കുന്നതിലൂടെ മികച്ച തുക കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അമ്പതുകാരനായ താരം വ്യക്തമാക്കി. 

കാട്ടുതീ ദുരന്തത്തെ മറികടക്കാന്‍ നിരവധി ഓസീസ് താരങ്ങള്‍ ഇതിനകം സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ അടിക്കുന്ന ഓരോ സിക്‌സിനും 250 ഓസ്‌ട്രേലിയന്‍ ഡോളര്‍ വീതം സഹായം നല്‍കുമെന്ന് ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡാര്‍സി ഷോര്‍ട്ട് എന്നിവര്‍ പ്രഖ്യാപിച്ചിരുന്നു. ടെന്നീസ് ഇതിഹാസങ്ങളായ മരിയ ഷറപ്പോവയും നൊവാക് ജോക്കോവിച്ചും 25,000 ഡോളര്‍ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 

മാസങ്ങളായി തുടരുന്ന കാട്ടുതീയില്‍ ഇതിനകം 23 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. ആറ് മില്യണ്‍ ഹെക്‌ടര്‍ വനമേഖല തീ കവര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനകം 1500 വീടുകളും കത്തിയമര്‍ന്നതായാണ് കണക്കാക്കുന്നത്. വിക്‌ടോറിയന്‍ സംസ്ഥാനത്ത് മാത്രം 19 പേര്‍ മരിച്ചു. ടാസ്‌മാനിയ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ. ക്യൂന്‍സ്‌ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളും കാട്ടുതീയുടെ പിടിയിലാണ്. തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കവേ ആശ്വാസ മഴയെത്തിയതും പ്രതീക്ഷ നല്‍കുന്നു.

click me!