മുന്‍നിര തകര്‍ന്നു, വാലറ്റം തുണയായി; ഇംഗ്ലണ്ടിനെതിരെ ഓസീസിന് 232 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Sep 13, 2020, 9:41 PM IST
Highlights

വാലറ്റത്ത് ആദില്‍ റഷീദ് (26 പന്തില്‍ 35), ടോം കറന്‍ (39 പന്തില്‍ 37) എന്നിവരുടെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി ഇതിലും ദയനീയമായേനെ.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് 232 റണ്‍സ് വിജയലക്ഷ്യം. മാഞ്ചസ്റ്ററില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. വാലറ്റത്ത് ആദില്‍ റഷീദ് (26 പന്തില്‍ 35), ടോം കറന്‍ (39 പന്തില്‍ 37) എന്നിവരുടെ പ്രകടനം കൂടി ഇല്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്ഥിതി ഇതിലും ദയനീയമായേനെ.

സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സ് ആയിരിക്കുമ്പോള്‍ തന്നെ ഇംഗ്ലണ്ടിന് രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. ജേസണ്‍ റോയ് (21), ജോണി ബെയര്‍സ്‌റ്റോ (0) എന്നിവരാണ് പുറത്തായത്. പിന്നീട് ജോ റൂട്ട് (39)- മോര്‍ഗന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇംഗ്ലണ്ടിനെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ആഡം സാംപയാണ് ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 

പിന്നീടെത്തിയ ജോസ് ബട്‌ലര്‍ (3), സാം ബില്ലിങ്‌സ് (8), ക്രിസ് വോക്‌സ് (26), സാം കറന്‍ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. എട്ടിന് 149 എന്ന മോശം നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് റഷീദ്- ടോം കറന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ടോം പുറത്തായെങ്കിലും റഷീദിനൊപ്പം ജോഫ്ര ആര്‍ച്ചര്‍ (6) പുറത്താവാതെ നിന്നു. 

സാംപയ്ക്ക് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോസ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!