ശ്രീലങ്കയ്‌ക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ വനിതാ ടി20 മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്മി ഗുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ക്രാന്തി ഗൗത്, ദീപ്തി ശര്‍മ, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന ജമീമ റോഡ്രിഗസാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ജമീമയ്ക്ക് പുറമെ സ്മൃതി മന്ദാന (25), ഷെഫാലി വര്‍മ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഷെഫാലിയെ രണ്ടാം ഓവറില്‍ കാവ്യ കാവിന്ദി മടക്കി. തുടര്‍ന്ന് സ്മൃതി - ജമീന സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്മൃതിയെ ഇനോക രണവീര മടക്കി. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ജമീമ-ഹര്‍മന്‍പ്രീത് കൗര്‍ (15) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ശ്രീലങ്കയുടെ തുടക്കം. ചമാരി അത്തപ്പത്തുവിന്റെ (15) വിക്കറ്റ് ലങ്കയ്ക്ക് മൂന്നാം ഓവറില്‍ തന്നെ നഷ്ടമായി. ക്രാന്തി ഗൗദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ ലങ്കയ്ക്ക് വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. ഹസിനി പെരേരയെ (20) ദീപ്തി ശര്‍മയും പുറത്താക്കി. ഹര്‍ഷിത സമരവിക്രമയാവട്ടെ (21) ശ്രീചരണിയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ 15.3 ഓവറില്‍ മൂന്നിന് 87 എന്ന നിലയിലായി ലങ്ക. തുടര്‍ന്ന് വിഷ്മിയും നിലക്ഷി ഡി സില്‍വ (8), കവിഷ ദില്‍ഹാരി (6), കൗഷനി നുത്യാന്‍ഗന (പുറത്താവാതെ 9) തുടങ്ങിയവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 120 കടത്തിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിശാഖപട്ടണത്താണ് നടക്കുന്നത്. അവസാന മൂന്ന് മത്സരങ്ങള്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ശ്രീലങ്ക: വിഷ്മി ഗുണരത്നെ, ചമാരി അത്തപത്തു (ക്യാപ്റ്റന്‍), ഹസിനി പെരേര, ഹര്‍ഷിത സമരവിക്രമ, നിലാക്ഷി ഡി സില്‍വ, കൗഷാനി നുത്യംഗന (വിക്കറ്റ് കീപ്പര്‍), കവിഷ ദില്‍ഹാരി, മാല്‍കി മദാര, ഇനോക രണവീര, കാവ്യ കാവിന്ദി, ശശിനി ഗിംഹാനായി.
ഇന്ത്യ: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശര്‍മ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

