കോലിയെയും സംഘത്തെയും ചീത്തവിളിക്കാന്‍ ഓസീസിനും പേടി; കാരണം ഐപിഎല്ലെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

By Web TeamFirst Published Apr 7, 2020, 1:41 PM IST
Highlights

ഞാനെന്തായാലും കോലിയെ ചീത്തവിളിക്കില്ല. കാരണം എനിക്ക് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. അതുവഴി ആറാഴ്ച കൊണ്ട് ഒരു മില്യണ്‍ ഡോളര്‍ സമ്പാദിക്കാനാവും. ഈ ചിന്തയാണ് ഓസീസ് ക്രിക്കറ്റിന്റെ ആക്രമണോത്സുകത ഇപ്പോള്‍ കുറയാന്‍ കാരണമെന്നും ക്ലാര്‍ക്ക്

സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനത്തിനെതിരെ തുറന്നടിച്ച് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഐപിഎല്ലിലെ കോടികള്‍ മോഹിച്ചാണ് വിരാട് കോലിക്കും സംഘത്തിനുമെതിരെ ഓസീസ് താരങ്ങള്‍ പതിവ് ആക്രമണോത്സുകതയോ ചീത്തവിളിയോ ഒന്നും പുറത്തെടുക്കാത്തതെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

ക്രിക്കറ്റിന്റെ സാമ്പത്തികവശം പരിശോധിച്ചാല്‍ ഇന്ത്യ എത്രമാത്രം കരുത്തരാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് രാജ്യാന്തര ക്രിക്കറ്റായാലും ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റായാലും അങ്ങനെതന്നെയാണ്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയന്‍ താരങ്ങളും മറ്റ് ടീമുകളിലെ താരങ്ങളും ഇന്ത്യന്‍ താരങ്ങളുടെ കാല്‍ക്കല്‍ വീഴുന്ന സമീപനമാണ് കുറച്ചുകാലമായി പുറത്തെടുക്കുന്നത്. അവര്‍ക്ക് കോലിയെയും മറ്റ് ഇന്ത്യന്‍ താരങ്ങളെയും ചീത്തവിളിക്കാന്‍ പേടിയാണ്. കാരണം ഏപ്രിലില്‍ ഇതേ കളിക്കാര്‍ക്കൊപ്പം ഐപിഎല്‍ കളിക്കേണ്ടതാണല്ലോ അവര്‍ക്കെല്ലാം.

ഗ്രൌണ്ടില്‍ എതിരാളികളെ മാനസികമായി തളര്‍ത്തുന്ന ഓസീസ് ശൈലി ഇപ്പോള്‍ കാണാത്തതിന് കാരണം എന്താണെന്ന് ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ ആദ്യ പത്ത് താരങ്ങളുടെ പട്ടിക എടുത്തുനോക്കിയാല്‍ മനസിലാവും. അതുകൊണ്ട് തന്നെ അവര്‍ ഒരിക്കലും കോലിയെ ചീത്തവിളിക്കാന്‍ മുതിരില്ല. കളിക്കാര്‍ ഇങ്ങനെയായിരിക്കും ഒരുപക്ഷെ ചിന്തിക്കുന്നുണ്ടാവുക. ഞാനെന്തായാലും കോലിയെ ചീത്തവിളിക്കില്ല. കാരണം എനിക്ക് ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ട്. അതുവഴി ആറാഴ്ച കൊണ്ട് ഒരു മില്യണ്‍ ഡോളര്‍ സമ്പാദിക്കാനാവും. ഈ ചിന്തയാണ് ഓസീസ് ക്രിക്കറ്റിന്റെ ആക്രമണോത്സുകത ഇപ്പോള്‍ കുറയാന്‍ കാരണമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും മൂല്യമേറിയ താരമായത് ഓസീസ് പേസര്‍ പാറ്റ് കമിന്‍സായിരുന്നു.15.5 കോടി രൂപയ്ക്കാണ് കമിന്‍സിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്സ്വെല്ലിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് 10.75 കോടിക്കും നേഥന്‍ കൂള്‍ട്ടര്‍നൈലിനെ മുംബൈ ഇന്ത്യന്‍സ് എട്ട് കോടിക്കും സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ ഏകദിന-ടി20 ടീം നായകനായ ആരോണ്‍ ഫിഞ്ചിനെ 4.4 കോടി നല്‍കി സ്വന്തമാക്കിയത് കോലിയുടെ ബാംഗ്ലൂരാണ്. ഈ പശ്ചാത്തലത്തിലാണ് ക്ലാര്‍ക്കിന്റെ പ്രസ്താവന.

click me!