പാക് ടീമിലെ 11 പേരില്‍ എട്ടു പേരും കായികക്ഷമത ഇല്ലാത്തവരെന്ന് മുന്‍ താരം

By Web TeamFirst Published Apr 6, 2020, 6:39 PM IST
Highlights

നിലവിലെ ചീഫ് സെലക്ടറും മുഖ്യ പരിശീലകനുമായ മിസ്ബാ ഉള്‍ ഹഖിന്റെ ഇരട്ടപദവിക്കെതിരെയും മൊഹ്സിന്‍ ഖാന്‍ രംഗത്തുവന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാവും നിയമനങ്ങളെന്ന് പ്രതീക്ഷിച്ചു.

കറാച്ചി: നിലവിലെ പാക് ക്രിക്കറ്റ് ടീമിനെതിരെ തുറന്നടിച്ച് മുന്‍ താരം മൊഹ്സിന്‍ ഖാന്‍. നിലവിലെ പാക് ടീമിലെ 11 കളിക്കാരില്‍ എട്ടുപേരും കായികക്ഷമതയില്ലാത്തവരാണെന്ന് മൊഹ്സിന്‍ ഖാന്‍ ആരോപിച്ചു. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഷര്‍ജീല്‍ ഖാനെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ് മറ്റ് കളിക്കാരുടെ കായികക്ഷമതയെയും മൊഹ്സിന്‍ ഖാന്‍ വിമര്‍ശിച്ചത്.

ഓപ്പണിംഗ് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം പ്രശ്നമാണ്. ഷര്‍ജീല്‍ ഖാന്‍ പ്രതിഭാധനനായ കളിക്കാരനാണ്. അദ്ദേഹത്തിന്റെ കായികക്ഷമത വലിയ പ്രശ്നമാകാനിടയില്ല. കാരണം പാക് ടീമിലെ 11 പേരില്‍ എട്ടുപേരും രാജ്യാന്തര ക്രിക്കറ്റിന് വേണ്ട കായികക്ഷമത ഇല്ലാത്തവരാണ് എന്നായിരുന്നു മൊഹ്സിന്‍ ഖാന്റെ ആരോപണം.

നിലവിലെ ചീഫ് സെലക്ടറും മുഖ്യ പരിശീലകനുമായ മിസ്ബാ ഉള്‍ ഹഖിന്റെ ഇരട്ടപദവിക്കെതിരെയും മൊഹ്സിന്‍ ഖാന്‍ രംഗത്തുവന്നു. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാവും നിയമനങ്ങളെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും പാക് ടീമിന്റെ മുന്‍ പരിശീലകനും സെലക്ടറുമായിരുന്ന മൊഹ്സിന്‍ ഖാന്‍ പറഞ്ഞു. 

താന്‍ ടീമിന്റെ പരിശീലകനായിരുന്നപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഇജാസ് ബട്ട് ചീഫ് സെലക്ടറുടെ പദവി കൂടി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഭിന്നതാല്‍പര്യമുണ്ടാവുമെന്നതിനാല്‍ വേണ്ടെന്നു വെച്ചിരുന്നുവെന്നും മൊഹ്സിന്‍ ഖാന്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ബാബര്‍ അസം മറ്റ് താരങ്ങള്‍ക്ക് മാതൃകയാണെന്നും മൊഹ്സിന്‍ ഖാന്‍ വ്യക്തമാക്കി.  

click me!