
ബ്രിസ്‌ബേന്‍: സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത് മുഹമ്മദ് സിറാജാണ്. ഗാബയില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് പേരെ പുറത്താക്കി സിറാജ് ഈ ദൗത്യം മനോഹരമാക്കുകയും ചെയ്‌തു. സ്‌റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍ എന്നീ വമ്പന്‍മാരുടെ വിക്കറ്റുമുണ്ടായിരുന്നു ഇതില്‍. അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഗാബയില്‍ ചരിത്രം കുറിച്ചു സിറാജ്.
സഹീര്‍ ഖാന് ശേഷം ഗാബയില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് മുഹമ്മദ് സിറാജ്. 2003ലായിരുന്നു 93 റണ്‍സ് വിട്ടുകൊടുത്ത് സഹീറിന്‍റെ അഞ്ച് വിക്കറ്റ് നേട്ടം. ഗാബയില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന അഞ്ചാം ഇന്ത്യന്‍ ബൗളര്‍ കൂടിയായി സിറാജ്. ഏരപ്പള്ളി പ്രസന്ന (1968), ബിഷന്‍ സിംഗ് ബേദി (1977), മദന്‍ ലാല്‍ (1977), എന്നിവരാണ് സിറാജിനും സഹീറിനും മുമ്പ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഗാബയില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യന്‍ പേസര്‍മാരില്‍ മികച്ച രണ്ടാമത്തെ പ്രകടനമാണ് മുഹമ്മദ് സിറാജിന്‍റേത്. 72 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് പേരെ മടക്കിയ മദന്‍ ലാലാണ് മുന്നില്‍. 73 റണ്‍സ് വഴങ്ങിയാണ് സിറാജിന്‍റെ അഞ്ച് വിക്കറ്റ്.
രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലതെ നാല് റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (4), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് ക്രീസില്‍. ഒരുദിവസം അവശേഷിക്കേ മഴ സാധ്യതയും ബ്രിസ്‌ബേനില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കും.
അഞ്ച് വിക്കറ്റുമായി മുഹമ്മദ് സിറാജും നാല് പേരെ പുറത്താക്കി ഷാര്‍ദുല്‍ താക്കൂറും ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 294ന് പുറത്തായി. വാഷിംഗ്‌ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി. 55 റണ്‍സ് നേടിയ സ്റ്റീവന്‍ സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണിപ്പോള്‍. സിഡ്നിയില്‍ നടന്ന കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
സ്റ്റാര്‍ പേസര്‍ക്ക് പരിക്ക് ആശങ്ക; ഗാബയില്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!