
ബ്രിസ്‌ബേന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഒരു ദിവസവും 10 വിക്കറ്റും കയ്യിലിരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ 324 റണ്‍സ് കൂടി വേണം. ഗാബയിലെ അവസാന ദിനം തീപാറും പോരാട്ടമാകും എന്നിരിക്കേ ഓസീസ് ക്യാമ്പിനെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയുണ്ട്.
സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പരിക്കാണ് ഓസീസ് ആരാധകരെ ആശങ്കയിലാക്കുന്നത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ ഓവര്‍ എറിഞ്ഞ ശേഷം പേശീവലിവ് കാരണം സ്റ്റാര്‍ക്ക് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു.
എന്നാല്‍ പരിക്ക് ആശങ്കകളെ മറികടന്ന് അവസാന ദിനം സ്റ്റാര്‍ക്ക് കളിക്കും എന്ന് സ്റ്റീവ് സ്‌മിത്ത് പ്രതികരിച്ചു. മിച്ചല്‍ സ്റ്റാര്‍ക്കിനെ മെഡിക്കല്‍ സംഘം പരിശോധിക്കും. പരിക്കിനിടയിലും മുമ്പും കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട് സ്റ്റാര്‍ക്ക് എന്നുമാണ് സ്‌മിത്തിന്‍റെ വാക്കുകള്‍.
സയിദ് മുഷ്താഖ് അലി ടി20: ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി കേരളം നാളെ ഹരിയാനക്കെതിരെ
അതേസമയം നാലാം ദിനം പാറ്റ് കമ്മിന്‍സ് ഫീല്‍ഡ് ചെയ്യാതിരുന്നതും ഓസീസിന് ആശങ്ക നല്‍കുന്നുണ്ട്. പേസര്‍ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ കമ്മിന്‍സിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്‌തെങ്കിലും താരം ഫീല്‍ഡിംഗിന് ഇറങ്ങാതിരിക്കുകയായിരുന്നു. എന്നാല്‍ കമ്മിന്‍സിന്‍റെ പരിക്ക് സാരമുള്ളതാണ് എന്ന് റിപ്പോര്‍ട്ടുകളില്ല. നിലവില്‍ ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് പാറ്റ് കമ്മിന്‍സ്.
ജയിക്കാന്‍ 324 റണ്‍സ് കൂടി
രണ്ടാം ഇന്നിംഗ്‌സില്‍ 328 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ഓസീസ് വച്ചുനീട്ടിയത്. ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലതെ നാല് റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (4), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് ക്രീസില്‍. ഒരുദിവസം അവശേഷിക്കേ മഴ സാധ്യതയും ബ്രിസ്‌ബേനില്‍ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കുകയെന്നത് ഇരു ടീമിനും ബുദ്ധിമുട്ടായേക്കാം.
രണ്ടാം ഇന്നിംഗ്‌സില്‍ ആതിഥേയര്‍ 294ന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ഓസീസിനെ ഒതുക്കിയത്. ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റ് നേടി മികച്ച പിന്തുണ നല്‍കി. 55 റണ്‍സ് നേടിയ സ്റ്റീവന്‍ സ്‌മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരങ്ങള്‍ ജയിച്ച് തുല്യത പാലിക്കുകയാണിപ്പോള്‍.