നാണക്കേടുകളുടെ നീണ്ട പട്ടിക; അപമാനഭാരത്തില്‍ ഇന്ത്യയുടെ കുഞ്ഞന്‍ സ്‌കോര്‍

By Web TeamFirst Published Dec 19, 2020, 2:04 PM IST
Highlights

മത്സരം നിരവധി നാണക്കേടുകളാണ് ഇന്ത്യന്‍ ടീമിന് സമ്മാനിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ സ്‌കോറാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ച 36 റണ്‍സ്

അഡ്‌ലെയ്‌ഡ്: പിങ്ക് പന്തില്‍ അഡ്‌ലെയ്‌ഡിലെ കുറഞ്ഞ സ്‌കോര്‍ വിരാട് കോലിയുടേയും സംഘത്തിന്‍റെയും ഉറക്കം എക്കാലവും കളയുമെന്നുറപ്പ്. രണ്ടാം ഇന്നിംഗ്‌സില്‍ 21.2 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യക്ക് വെറും 36 റണ്‍സ് മാത്രമാണ് നേടാനായത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരിന്നിംഗ്‌സില്‍ ടീം ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 

മത്സരം നിരവധി നാണക്കേടുകളാണ് ഇന്ത്യന്‍ ടീമിന് സമ്മാനിച്ചത്. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഏഴാമത്തെ സ്‌കോറാണ് ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ച 36 റണ്‍സ്. 1954/55 സീസണില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് 27 ഓവറിനിടെ 26 റണ്‍സില്‍ പുറത്തായതാണ് ഏറ്റവും മോശം പ്രകടനം. 

ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം തവണയാണ് ടീമിലെ 11 താരങ്ങളും രണ്ടക്കം കാണാതെ പുറത്താകുന്നത്. ഇംഗ്ലണ്ടിനോട്  ദക്ഷിണാഫ്രിക്ക 30 റണ്‍സിന് പുറത്തായപ്പോഴാണ് മുമ്പ് 11 താരങ്ങളും രണ്ടക്കം കാണാതിരുന്നത്. അന്ന് ഏഴ് റണ്‍സുമായി ഹെര്‍ബി ടെയ്‌ലറായിരുന്നു ടോപ് സ്‌കോറര്‍. 11 റണ്‍സ് എക്‌സ്‌ട്രായിലൂടെ പിറന്നു എന്നത് മറ്റൊരു കൗതുകം. 

വെറും 19 റണ്‍സിനിടെയാണ് ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ തുടക്കത്തില്‍ വീണത്. ഇതും ടീമിന് നാണക്കേടുണ്ടാക്കി. ആറ് വിക്കറ്റ് നഷ്‌ടമാകവേ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡര്‍ബന്‍ ടെസ്റ്റില്‍ 25 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോര്‍ഡ്. 

അഡ്‌ലെയ്‌ഡില്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ ഇന്ത്യ 36-9 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചപ്പോള്‍ ഒന്‍പത് റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നു ടോപ് സ്‌കോറര്‍. പൃഥ്വി ഷാ(4), ജസ്‌പ്രീത് ബുമ്ര(2), ചേതേശ്വര്‍ പൂജാര(0), വിരാട് കോലി(4), അജിങ്ക്യ രഹാനെ(0), ഹനുമ വിഹാരി(8), വൃദ്ധിമാന്‍ സാഹ(4), രവിചന്ദ്ര അശ്വിന്‍(0), ഉമേഷ് യാദവ്(4*), മുഹമ്മദ് ഷമി(1 റിട്ടയഡ് ഹര്‍ട്ട്) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

ഓസീസിനായി ജോഷ് ഹേസല്‍വുഡ് അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും കമ്മിന്‍സ് 10.2 ഓവറില്‍ 21 റണ്‍സിന് നാല് വിക്കറ്റും വീഴ്‌ത്തി.

പിങ്ക് പന്തില്‍ അങ്കം തോറ്റ് ഇന്ത്യ; അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ത്രില്ലര്‍ ജയം

click me!