വാര്‍ണര്‍ ഈസ് ബാക്ക്! മെല്‍ബണില്‍ ബാറ്റിംഗ് കൊടുങ്കാറ്റ്, നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി

Published : Dec 27, 2022, 11:10 AM ISTUpdated : Dec 27, 2022, 11:15 AM IST
വാര്‍ണര്‍ ഈസ് ബാക്ക്! മെല്‍ബണില്‍ ബാറ്റിംഗ് കൊടുങ്കാറ്റ്, നൂറാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി

Synopsis

ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്

മെല്‍ബണ്‍: വിമര്‍ശകര്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി, അതും തന്‍റെ 100-ാം ടെസ്റ്റില്‍ പരിക്കിന്‍റെ വെല്ലുവിളികളെ അതിജീവിച്ച്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് കൊണ്ട് വിളയാടുകയാണ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. നേരത്തെ 25-ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണര്‍ 254 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ചു. എന്നാല്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന സ്റ്റീവ് സ്‌മിത്തിനെ ഓസീസിന് 85ല്‍ നില്‍ക്കേ നഷ്‌ടമായി. പ്രോട്ടീസിന്‍റെ 189 റണ്‍സ് പിന്തുടരുന്ന ഓസീസ് ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 77 ഓവറില്‍ 329-3 എന്ന സ്കോറിലാണ്. വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡാണ് ക്രീസില്‍. 

ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം ആരംഭിച്ചത്. 11 പന്തില്‍ ഒരു റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റ് ആതിഥേയര്‍ക്ക് ഇന്നലെ നഷ്‌ടമായിരുന്നു. ഓസീസ് സ്കോര്‍ 6.4 ഓവറില്‍ 21ല്‍ നില്‍ക്കേ ഖവാജയെ റബാഡ പുറത്താക്കുകയായിരുന്നു. ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 51 പന്തില്‍ 32 റണ്‍സുമായി ഡേവിഡ് വാര്‍ണറും 12 പന്തില്‍ 5 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമായിരുന്നു ക്രീസില്‍. ഇന്ന് ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ മാര്‍നസ് ലബുഷെയ്‌ന്‍ റണ്ണൗട്ടായി. 35 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെ ക്രീസില്‍ ഒന്നിച്ച വാര്‍ണര്‍-സ്‌മിത്ത് സഖ്യം 239 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി ഓസ്ട്രേലിയയെ നയിച്ചു. 

തന്‍റെ നൂറാം ടെസ്റ്റില്‍ സെഞ്ചുറി തികച്ച ഡേവിഡ് വാര്‍ണറായിരുന്നു മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ആകര്‍ഷണം. 144 പന്തില്‍ 100 തികച്ച വാര്‍ണറെ പരിക്ക് പലകുറി തടസപ്പെടുത്തിയെങ്കിലും 150 തികച്ചതിന് പിന്നാലെ അതിവേഗം സ്കോറിംഗ് ചെയ്യുകയായിരുന്നു താരം. എന്നാല്‍ ആന്‍‍റിച്ച് നോര്‍ക്യയുടെ ബൗണ്‍സറില്‍ പാളിയ സ്‌മിത്ത് 161 പന്തില്‍ 85 റണ്‍സുമായി ഡി ബ്രൂയിന്‍റെ ക്യാച്ചില്‍ സെഞ്ചുറിക്കരികെ മടങ്ങിയത് ഓസീസിന് അപ്രതീക്ഷിത തിരിച്ചടിയായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 26 റണ്‍സില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിനെ വെറെയ്‌നും ജാന്‍സനും ചേര്‍ന്ന് 150 കടത്തുകയായിരുന്നു.

നൂറില്‍ 100; ചരിത്ര ടെസ്റ്റില്‍ സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍