ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് സെഞ്ചുറി. 144 പന്തില്‍ വാര്‍ണര്‍ 25-ാം ടെസ്റ്റ് ശതകം തികച്ചു. തന്‍റെ നൂറാം ടെസ്റ്റിലാണ് വാര്‍ണറുടെ 100 എന്ന സവിശേഷതയുമുണ്ട്. സെഞ്ചുറിയുമായി മുന്നേറുന്ന വാര്‍ണറുടെയും ഉറച്ച പ്രതീക്ഷയായ സ്റ്റീവ്‌ സ്‌മിത്തിന്‍റെ കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് രണ്ടാം ദിനം രണ്ടാം സെഷനില്‍ ഓസീസ് ബാറ്റ് വീശുന്നത്. ദക്ഷിണാഫ്രിക്കയുടെ 186 റണ്‍സ് പിന്തുടരുന്ന ഓസ്ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 47 ഓവറില്‍ രണ്ട് വിക്കറ്റിന് 176 എന്ന നിലയിലാണ്. വാര്‍ണര്‍ 109* ഉം, സ്‌മിത്ത് 34* ഉം റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്നു. 

ഓസ്ട്രേലിയ 12 ഓവറില്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. 11 പന്തില്‍ ഒരു റണ്‍സ് നേടിയ ഉസ്‌മാന്‍ ഖവാജയുടെ വിക്കറ്റ് ആതിഥേയര്‍ക്ക് ഇന്നലെ നഷ്‌ടമായി. ഓസീസ് സ്കോര്‍ 6.4 ഓവറില്‍ 21ല്‍ നില്‍ക്കേ ഖവാജയെ റബാഡ പുറത്താക്കുകയായിരുന്നു. ഇന്ന് കളി പുനരാരംഭിക്കുമ്പോള്‍ 51 പന്തില്‍ 32 റണ്‍സുമായി ഡേവിഡ് വാര്‍ണറും 12 പന്തില്‍ 5 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമായിരുന്നു ക്രീസില്‍. ഇന്ന് ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ മാര്‍നസ് ലബുഷെയ്‌ന്‍ റണ്ണൗട്ടായി. 35 പന്തില്‍ 14 റണ്‍സാണ് താരം നേടിയത്. ഇതിന് പിന്നാലെയാണ് വാര്‍ണര്‍-സ്‌മിത്ത് സഖ്യം ക്രീസില്‍ ഒന്നിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്‌ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. നായകന്‍ ഡീന്‍ എല്‍ഗാര്‍ 26 റണ്‍സില്‍ പുറത്തായി. സ്‌കോര്‍ബോര്‍ഡില്‍ 67 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിനെ വെറെയ്‌നും ജാന്‍സനും ചേര്‍ന്ന് 150 കടത്തുകയായിരുന്നു.