
ഗോള്‍ഡ് കോസ്റ്റ്: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഓസ്ട്രേലിയ നാലു മാറ്റങ്ങള്‍ വരുത്തി. ആദം സാംപയും ഗ്ലെന്‍ മാക്സ്‌വെല്ലും ജോഷ് ഫിലിപ്പും ഫില്‍ ഡ്വാർഷുയിസും ഓസീസ് ടീമിലെത്തി. ഓപ്പണര്‍ ട്രാവിസ് ഹെഡും ഷോണ്‍ ആബട്ടും ഇന്ന് ഓസീസ് ടീമിലില്ല. അതേസമയം കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയാറായില്ല.
പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസീസും മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തി.വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ ബാറ്റിംഗ് ഫോമാണ് ഇന്ന് ശ്രദ്ധാകേന്ദ്രം. ഗിൽ വന്നതോടെ സഞ്ജു സാംസണ് ആദ്യം ഓപ്പണിംഗിലെ അവസരവും പിന്നാലെ ഇലവനിലെ സ്ഥാനവും നഷ്ടമായി. എന്നാല്‍ ഗില്ലിന് മൂന്ന് കളിയിൽ 57 റൺസ് മാത്രമെ നേടാനായുള്ളു. അഭിഷേക് ശർമ്മ നൽകുന്ന തുടക്കമായിരിക്കും ഇന്ത്യക്ക് നിര്‍ണായകമാകുക. സൂര്യകുമാർ യാദവ്, തിലക് വർമ, അക്ഷർ പട്ടേൽ എന്നിവർക്കൊപ്പം വാഷിംഗ്ടൺ സുന്ദറും വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയും ഇന്ത്യൻ ബാറ്റിംഗ് നിരയിലുണ്ട്.
ശിവം ദുബേയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തുമെന്ന് കരുതിയിരുന്നെങ്കിലും ജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറായില്ല. അർഷ്ദീപ് സിംഗ് തിരിച്ചെത്തിയതോടെ ബൗളിംഗ് നിര സന്തുലിതമായിട്ടുണ്ട്. ട്രാവിസ് ഹെഡിന് പകരം മാറ്റ് ഷോർട്ട്, ആകും ഇന്ന് ക്യാപ്റ്റൻ മിച്ച് മാർഷിന്‍റെ ഓപ്പണിംഗ് പങ്കാളിയാവുക.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്‌സ്‌വെൽ, ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്‌ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക