
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് വേദിയാവുന്ന അഹമ്മദാബാദില്‍ ഇരു ടീമുകളെയും കാത്തിരിക്കുന്നത് വീണ്ടുമൊരു സ്പിന്‍ പിച്ചാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതിനിടെ അഹമ്മദാബാദിലെ പിച്ചിന്‍റെ സ്വഭാവത്തെക്കുറിച്ച് നിര്‍ണായക സൂചനകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്.
അഹമ്മദാബാദില്‍ ഞങ്ങള്‍ കണ്ട നാലു പിച്ചുകളില്‍ എല്ലാം ആദ്യ ദിനം ബാറ്റിംഗിനെ തുണക്കുന്നതായിരിക്കും. എന്നാല്‍ ഉഷ്ണവായു മൂലം മത്സരം പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ വരണ്ട് പൊട്ടുകയും സ്പിന്നിനെ തുണക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്മിത്ത് മത്സരത്തലേന്ന് മാധ്യമങ്ങളോട് പറഞ്ഞു. അഹമ്മദാബാദില്‍ 38 ഡിഗ്രി ചൂടുണ്ടെന്നതിനാല്‍ വരും ദിവസങ്ങളില്‍ പിച്ച് കൂടുതല്‍ വരണ്ടുണങ്ങും. എന്നാല്‍ ഗ്രൗണ്ട്സ്മാന്‍മാരിലൊരാള്‍ ഞങ്ങളോട് പറഞ്ഞത് ഇന്ന് പിച്ച് നനക്കുമെന്നാണ്. അങ്ങനെ ചെയ്യുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണെങ്കിലും പരമ്പരയില്‍ ഇതുവരെ കാണാത്തതുപോലെ ആദ്യ ദിനം ബാറ്റിംഗിനെ തുണക്കുന്ന ഫ്ലാറ്റ് വിക്കറ്റാണ് അഹമ്മദാബാദിലേതെന്നും സ്മിത്ത് പറഞ്ഞു.
നാഗ്പൂരില്‍ 400 റണ്‍സടിക്കുക ബുദ്ധിമുട്ടായിരുന്നുവെങ്കില്‍ മൊട്ടേരയില്‍ അത് കുറച്ചുകൂടി എളുപ്പമാണെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ രോഹിത്തിന്‍റെ സെഞ്ചുറിയുടെ കരുത്തില്‍ ഇന്ത്യ 400 റണ്‍സടിച്ചശേഷം ഈ പരമ്പരയില്‍ വലിയ സ്കോറുകളൊന്നും വന്നിട്ടില്ല. 200 റണ്‍സ് പോലും മാന്യമായ സ്കോറാകുന്ന പരമ്പരയാണ് നമ്മള്‍ കണ്ടത്. എന്ത് തന്നെയായാലും ഞങ്ങള്‍ക്ക് ലഭിക്കുന്ന പിച്ചില്‍ കളിക്കുക എന്നതാണ ഞങ്ങളുടെ രീതി.
അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ഞങ്ങള്‍ക്ക് പരാതികളൊന്നുമില്ല. ഇത്തരം വിക്കറ്റുകളില്‍ കളിക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നും എപ്പോഴും എന്തും സംഭവിക്കാവുന്ന പിച്ചുകളില്‍ കളിക്കുന്നതാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും അല്ലാതെ റോഡ് പോലെയുള്ള പിച്ചുകളില്‍ കളിക്കുന്നതല്ലെന്നും പാക്കിസ്ഥാനിലെ ബാറ്റിംഗ് പിച്ചുകളുടെ പേരെടുത്ത് പറയാതെ സ്മിത്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!