ബൗണ്‍സറുകള്‍ക്കെതിരെ നയം വ്യക്തമാക്കി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാംഗര്‍

By Web TeamFirst Published Aug 21, 2019, 5:13 PM IST
Highlights

ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറുകളായിരുന്നു ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ചര്‍ച്ചയായത്. ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് രണ്ടാം ഇന്നിങ്‌സില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. 

ലണ്ടന്‍: ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറുകളായിരുന്നു ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ചര്‍ച്ചയായത്. ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് രണ്ടാം ഇന്നിങ്‌സില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. പകരമെത്തിയ മര്‍നസ് ലബുഷാഗ്നെയുടെ തല ലക്ഷ്യമാക്കിയും ആര്‍ച്ചറുടെ ബൗണ്‍സറുകളെത്തി. ക്രിക്കറ്റ് ലോകത്തിന്റെ പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായി. ആര്‍ച്ചറെ പിന്തുണച്ചും ചിലരെത്തി.  

രണ്ടാം ടെസ്റ്റിലെ ബൗണ്‍സറുകളെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. അദ്ദേഹം തുടര്‍ന്നു... ''ഞങ്ങള്‍ ആഷസ് പരമ്പര നേടാനാണ് വന്നത്. ഒരു ബൗണ്‍സര്‍ യുദ്ധത്തിന് മുതിരുന്നില്ല. എത്ര മുറിവുകള്‍ എതിരാളികളുടെ ദേഹത്ത് ഏല്‍പ്പിക്കാനാവുമെന്ന് ചിന്തിച്ചിരുന്ന ഓസ്‌ട്രേലിയന്‍ ടീമല്ല ഇപ്പോഴത്തേത്. 

ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുവാനുള്ള പദ്ധതികളെന്തെന്ന് ഞങ്ങള്‍ക്കറിയാം. അത് നടപ്പിലാക്കുകയും ചെയ്യും. ബൗണ്‍സറുകള്‍ കണ്ട് ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഞങ്ങളില്ല.'' ലാംഗര്‍ പറഞ്ഞുനിര്‍ത്തി.

നാളെ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇടയ്ക്കിടെയെത്തിയ മഴ വില്ലനായപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. നാളത്തെ മത്സരത്തില്‍ ഓസീസിന് വേണ്ടി സ്മിത്ത് കളിക്കില്ല. പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും സ്മിത്ത് നേടിയിരുന്നു.

click me!