ഇന്ത്യന്‍ ടീം ഭയക്കണം; ബോർഡർ-ഗാവസ്‍കർ ട്രോഫിക്കായി ഓസീസ് ടെസ്റ്റ് സ്റ്റാർ ബെംഗളൂരുവിലേക്ക്

By Web TeamFirst Published Feb 2, 2023, 3:55 PM IST
Highlights

ടെസ്റ്റ് പരമ്പരയ്ക്കായി രണ്ട് വിമാനങ്ങളിലായാണ് ഓസീസ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്

ബെംഗളൂരു: ബോർഡർ-ഗാവസ്കർ ട്രോഫിക്ക് മുമ്പ് ആശങ്കയൊഴിഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. കഴിഞ്ഞ വർഷത്തെ മികച്ച ഓസീസ് പുരുഷ ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർ ഓപ്പണർ ഉസ്മാന്‍ ഖവാജ പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചു. വിസ വൈകിയതിനാല്‍ ടീം സ്ക്വാഡിനൊപ്പം ഖവാജയ്ക്ക് യാത്ര ചെയ്യാനായിരുന്നില്ല. മെല്‍ബണില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വെള്ളിയാഴ്ചത്തെ പരിശീലനത്തില്‍ ഉസ്മാന്‍ ഖവാജ പങ്കെടുക്കും. 

ടെസ്റ്റ് പരമ്പരയ്ക്കായി രണ്ട് വിമാനങ്ങളിലായാണ് ഓസീസ് ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഉസ്മാന്‍ ഖവാജയ്ക്ക് ഇവർക്കൊപ്പം യാത്ര ചെയ്യാനായില്ല. ബെംഗലൂരുവിലെത്തിയ ഓസീസ് ടീം ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. നാഗ്പൂരില്‍ 9-ാം തിയതിയാണ് നാല് ടെസ്റ്റുകളുടെ പരമ്പര തുടങ്ങുന്നത്. ദില്ലി, ധരംശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് തുടർ മത്സരങ്ങള്‍. 

ഓസീസ് ടെസ്റ്റ് സ്ക്വാഡിലെ നിർണായക താരമായ ഉസ്മാന്‍ ഖവാജ കഴിഞ്ഞ വർഷം 78.46 ശരാശരിയില്‍ 1020 റണ്‍സ് നേടിയിരുന്നു. 2022ലെ ഐസിസി ടെസ്റ്റ് ടീമിലും ഖവാജ ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം 2004ലാണ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചത്. 2008, 2010, 2013, 2017 വര്‍ഷങ്ങളില്‍ പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ കളിച്ച 14 ടെസ്റ്റ് പരമ്പരകളില്‍ നാലെണ്ണം മാത്രമാണ് കങ്കാരുക്കള്‍ക്ക് ജയിക്കാനായത്. 2017ല്‍ അവസാനം ഇന്ത്യയിലെത്തിയപ്പോള്‍ 1-2ന് ഓസീസ് തോല്‍വി വഴങ്ങി. 2018-19, 2020-21 പരമ്പരകള്‍ ജയിച്ച് ഇന്ത്യയുടെ പക്കലാണ് നിലവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി.

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ആരാധകർക്ക് സന്തോഷ വാർത്ത, ബുമ്രയുടെ തിരിച്ചുവരവ് ഉറപ്പായി; ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി

click me!