
ദില്ലി: ഇന്ത്യന്‍ ടീമില്‍ സുഹൃത്തുക്കളില്ലെന്നും സഹതാരങ്ങള്‍ മാത്രമേയുള്ളൂവെന്ന ആര്‍ അശ്വിന്‍റെ പ്രസ്താവന തള്ളി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓസ്ട്രേലിയക്കെിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടശേഷം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ടീം മുമ്പ് ഒരു കുടുംബം പോലെ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ടീം അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം പോലുമില്ലെന്നും മത്സരബുദ്ധി മാത്രമാണുള്ളതെന്നും അശ്വിന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓപ്പണറായ പൃഥ്വി ഷായും അശ്വിന്‍റെ പ്രസ്താവനയോട് അനുകൂലിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ ആരുമായും തനിക്ക് അടുത്ത സൗഹൃദമില്ലെന്ന് പൃഥ്വി ഷായും വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് ടീമിനായി മികച്ച പ്രകടനം നടത്താന്‍ സൗഹൃദമോ കുടുംബാന്തരീക്ഷമോ ആവശ്യമില്ലെന്ന് ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ തുറന്നു പറഞ്ഞത്. ഇതിന് ആകാശ് ചോപ്ര ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് 1990കളിലെയും 2000ത്തിലെയും ഓസ്ട്രേലിയന്‍ ടീമിനെയായിരുന്നു. അക്കാലത്തെ ഓസ്ട്രേലിയന്‍ ടീമിലെ കളിക്കാര്‍ക്ക് പരസ്പരം ഇഷ്ടമല്ലായിരുന്നു. പക്ഷെ അവര്‍ ഗ്രൗണ്ടിലിറങ്ങിയാല്‍ വിജയത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നത്.
അവിടെ വ്യക്തിപരമായ ഇഷ്ടമോ സൗഹൃദമോ വിഷയമേ ആയിരുന്നില്ല. എന്നിട്ടും അക്കാലത്തെ ഓസ്ട്രേലിയന്‍ ടീം അജയ്യരായിരുന്നു. പരസ്പരം ഇഷ്ടമല്ലാത്തതുകൊണ്ട് ഷെയ്ന്‍ വോണിന്‍റെ പന്തില്‍ ക്യാച്ച് കിട്ടിയാല്‍ ഇയാന്‍ ഹീലി കൈവിടുകയൊന്നുമില്ല. സൗഹൃദമോ കുടുംബാന്തരീക്ഷമോ അല്ല ടീമിനായി എന്തും നല്‍കി ജയിക്കുക എന്നത് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. കാരണം, ടീമിലെ നിങ്ങളുടെ സ്ഥാനത്തെക്കുറിച്ച് സഹതാരത്തിന് ചിന്തിക്കേണ്ട കാര്യമില്ലല്ലോ.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഡല്‍ഹി ഡ്രസ്സിംഗ് റൂമിലും സമാനമായ മത്സരാന്തരീക്ഷം ഉണ്ടായിരുന്നു. സൗഹൃദാന്തരീക്ഷം ഉണ്ടായിരുന്നെങ്കിലും കളിക്കാര്‍ തമ്മില്‍ മികച്ചവനാവാനുള്ള മത്സരം. എന്നാല്‍ രാജസ്ഥാന്‍ ഡ്രസ്സിംഗ് റൂമില്‍ മാത്രമായിരുന്നു അത്തരമൊരു അന്തരീക്ഷം ഇല്ലാതിരുന്നത്. അവിടെ കളിക്കാര്‍ മറ്റുള്ളവരുടെ നേട്ടം ആഘോഷിച്ചിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു.