ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തോല്‍പിക്കുമോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി ബാബര്‍ അസം

By Jomit JoseFirst Published Aug 12, 2022, 3:15 PM IST
Highlights

ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം ഭാഗ്യമുണ്ടേല്‍ ഫൈനലടക്കം രണ്ടുതവണ കൂടി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. 

ലാഹോര്‍: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് അയല്‍ക്കാര്‍ മുഖാമുഖം വരുന്നത് എന്നതാണ് ആവേശം കൂട്ടുന്നത്. ഭാഗ്യമുണ്ടേല്‍ ഇരു ടീമുകളും മുഖാമുഖം വരുന്ന മൂന്ന് മത്സരങ്ങള്‍ ഇത്തവണ ആരാധകര്‍ക്ക് കാണാനാകും. അതിനാല്‍തന്നെ ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റില്‍ 3-0ന് ഇന്ത്യയെ പരാജയപ്പെടുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് പാക് നായകന്‍ ബാബര്‍ അസം മറുപടി നല്‍കി. 

'മറ്റ് ഏത് ടീമിനെതിരേയും കളിക്കുംപോലെയാവും നമ്മുടെ സമീപനം. ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി ഏഷ്യാ കപ്പില്‍ വ്യത്യസ്ത സമ്മര്‍ദമായിരിക്കാം നേരിടേണ്ടിവരിക. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലെ പോലെ ഞങ്ങളുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് ഇറങ്ങും. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാവും ശ്രമം. കഴിവിന്‍റെ പരമാവധി ശ്രമിക്കും. മികച്ച പരിശ്രമം നടത്തിയാല്‍ മികച്ച ഫലം ലഭിക്കും' എന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. 

ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതിയാണ് ഏഷ്യാ കപ്പിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം. ഇതിന് ശേഷം ഭാഗ്യമുണ്ടേല്‍ ഫൈനലടക്കം രണ്ടുതവണ കൂടി ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. നാല് വര്‍ഷം മുമ്പ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും രണ്ടുതവണ മുഖാമുഖം വന്നിരുന്നു. രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ കിരീടമുയര്‍ത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്നപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അന്ന് പാകിസ്ഥാന് വിജയം സമ്മാനിച്ച താരങ്ങളിലൊരാളാണ് പുറത്താകാതെ 68* റണ്‍സെടുത്ത ബാബര്‍ അസം. ഇതിന് പകരംവീട്ടുക കൂടി ഇത്തവണ രോഹിത് ശര്‍മ്മയുടെയും സംഘത്തിന്‍റേയും ലക്ഷ്യമാണ്.   

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്‌ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്‌ബൈ: ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

ഏഷ്യാ കപ്പിനുള്ള പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്‌തിഖര്‍ അഹമ്മദ്, ഖുസ്‌ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്‌മാന്‍ ഖാദിര്‍. 

വരുന്നു ദാദ-മോര്‍ഗന്‍ പോരാട്ടം, ശ്രീശാന്തും സ്‌ക്വാഡില്‍; മത്സരം 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗം

click me!