കോലിയും രോഹിത്തും ബുമ്രയുമല്ല, നെടുംതൂണ്‍ ആ താരം, അയാളില്ലേല്‍ എല്ലാ പ്ലാനും പാളും: ആകാശ് ചോപ്ര

By Jomit JoseFirst Published Aug 12, 2022, 1:38 PM IST
Highlights

ഹാര്‍ദിക് പാണ്ഡ്യയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്‍റില്‍ ടീം ശ്രദ്ധിക്കണമെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി

ദില്ലി: വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കും ജസ്‌പ്രീത് ബുമ്രക്കും പകരക്കാരെ കണ്ടെത്തിയാലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരമാരെയും ലഭിക്കില്ലെന്ന് മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. രാജ്യാന്തര ടി20യില്‍ നാല് ഓവര്‍ പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്നൊരു താരമാണ് ടീമിന്‍റെ ബാലന്‍സ് എന്നും ചോപ്ര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. ഹാര്‍ദിക്കില്ലാതെ ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പദ്ധതികള്‍ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

'ഹാര്‍ദിക് പാണ്ഡ്യ നാല് ഓവര്‍ പന്തെറിയുന്നത് ഇന്‍ഷൂറന്‍സ് പോളിസി പോലെയാണ്. അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു. അക്കാര്യത്തില്‍ സംശയമില്ല. ഏഷ്യ കപ്പ് സ്‌ക്വാഡില്‍ ടീമിന് ബാലന്‍സ് നല്‍കുന്ന ഏക താരമാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹമില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്‍റെ എല്ലാ പദ്ധതികളും പാളും. വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കും ജസ്‌പ്രീത് ബുമ്രക്കും വരെ പകരക്കാരെ കണ്ടെത്താന്‍ നിങ്ങള്‍ക്കായേക്കും. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയില്ലെങ്കില്‍ പ്ലേയിംഗ് ഇലവനെ ഒരുക്കാന്‍ സാധിക്കില്ല' എന്നും ആകാശ് ചോപ്ര പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയുടെ വര്‍ക്ക്‌ലോഡ് മാനേജ്‌മെന്‍റില്‍ ടീം ശ്രദ്ധിക്കണമെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. 'പാകിസ്ഥാന്‍ ടീമിനെതിരെ ഹാര്‍ദിക് പാണ്ഡ്യ നാല് ഓവര്‍ എറിഞ്ഞേക്കാം. എന്നാല്‍ അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക പോലുള്ള ടീമുകളോട് അതിന്‍റെ ആവശ്യമില്ല' എന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്‍ 2022ഓടെയാണ് ബൗളിംഗില്‍ സജീവമായത്. ബാറ്റിംഗിലും ഇതേ ഫോം പാണ്ഡ്യ കാട്ടുന്നുണ്ട്. 

യുഎഇയിലാണ് ഇക്കുറി ഏഷ്യാ കപ്പ് നടക്കുന്നത്. ദുബായിൽ ഈമാസം 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ തിരിച്ചുവരവിനൊപ്പം സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ, രവി ബിഷ്ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരാണ് സ്‌ക്വാഡിലിടം പിടിച്ച മറ്റ് താരങ്ങള്‍. ദീപക് ചാഹര്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍. 

കൈയകലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് മാമാങ്കം; കാണാന്‍ ഈ വഴികള്‍

click me!