SL vs PAK : പ്രഭാത് ജയസൂര്യക്ക് അഞ്ച് വിക്കറ്റ്, അസമിന്റെ സെഞ്ചുറിയിലും പാകിസ്ഥാന്‍ ലീഡ് വഴങ്ങി

By Web TeamFirst Published Jul 17, 2022, 7:39 PM IST
Highlights

ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ (16)യുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മുഹമ്മദ് നവാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒഷാഡ ഫെര്‍ണാണ്ടോ (17), കശുന്‍ രജിത (3) എന്നിവരാണ് ക്രീസില്‍.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരെ (SL vs PAK) ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് 218ന് അവസാനിച്ചു. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 222നെതിരെ തുടക്കത്തില്‍ പാകിസ്ഥാന്‍ (Pakistan) പതറിയെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ (119) സെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്ക രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. ഒന്നാകെ 40 റണ്‍സിന്റെ ലീഡായി ആതിഥേയര്‍ക്ക്. 

ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ (16)യുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. മുഹമ്മദ് നവാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഒഷാഡ ഫെര്‍ണാണ്ടോ (17), കശുന്‍ രജിത (3) എന്നിവരാണ് ക്രീസില്‍. നേരത്തെ, ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ അസം ഒഴികെ ശേഷിക്കുന്ന ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിരുന്നു. 244 പന്തില്‍ 11 ഫോറും രണ്ട്് സിക്‌സും അടങ്ങുന്നതാണ് അസമിന്റെ ഇന്നിംഗ്‌സ്. വാലറ്റക്കാരായ യാസിര്‍ ഷാ (56 പന്തില്‍ 18), നസീം ഷാ (52 പന്തില്‍ 5) എന്നിവരെ കൂട്ടുപിടിച്ചാണ് അസം പാകിസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഒരുഘട്ടത്തില്‍ ഏഴിന് 85 എന്ന പരിതാപകരമായ നിലയിലായിരുന്നു പാകിസ്ഥാന്‍. 

അസമിന് പുറമെ, അബ്ദുള്ള ഷെഫീഖ് (13), ഇമാം ഉള്‍ ഹഖ് (2), അസര്‍ അലി (2), മുഹമ്മദ് റിസ്‌വാന്‍ (19), അഖ സല്‍മാന്‍ (5), ഹസന്‍ അലി (17) എന്നിങ്ങനെയാണ് മറ്റു പ്രമുഖരുടെ സ്‌കോറുകള്‍. പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തി. രമേഷ് മെന്‍ഡിസ്, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക്  ദിനേശ് ചാണ്ഡിമലിന്റെ (76) ഇന്നിംഗ്‌സാണ് തുണയായത്. ഒഷാഡോ ഫെര്‍ണാണ്ടോ (35), തീക്ഷണ (38) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഷഹീന്‍ അഫ്രീദി പാകിസ്ഥാനായി നാല് വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി, യാസിര്‍ ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് പരമ്പരയിലുള്ളത്. രണ്ട് ടെസ്റ്റുകലും ഗാലെയിലാണ് നടക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ പിടിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക.
 

click me!