
ധാക്ക: സ്വപ്‍ന തുടക്കം, ഇങ്ങനെയാണ് മലയാളി വനിതാ ക്രിക്കറ്റർ മിന്നു മണിയുടെ രാജ്യാന്തര അരങ്ങേറ്റത്തെ വിശേഷിപ്പിക്കേണ്ടത്. ബംഗ്ലാദേശിന് എതിരായ ആദ്യ ട്വന്‍റി 20യില്‍ തന്‍റെ നാലാം പന്തില്‍ വിക്കറ്റ് നേടി വരവറിയിച്ച മിന്നു പിന്നീടുള്ള രണ്ട് മത്സരങ്ങളിലും 2 വീതം വിക്കറ്റ് നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആകെ അഞ്ച് വിക്കറ്റുമായി തിളങ്ങുകയായിരുന്നു. ടി20 പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയായിട്ടും മിന്നുവിന് ബംഗ്ലാദേശില്‍ നിന്ന് ചെറിയൊരു സങ്കടത്തോടെ മടങ്ങണം. ഐസിസി ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ബംഗ്ലാ വനിതകള്‍ക്കെതിരെ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ മിന്നു കളിക്കാത്തതോടെയാണിത്.
ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വനിതകളുടെ ഏകദിന സ്ക്വാഡ് നേരത്തെ സെലക്ടർമാർ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മിന്നു മണിയുടെ പേരുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്‍മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, ദേവിക വൈദ്യ, പ്രിയ പൂനിയ, ദീപ്‍തി ശർമ്മ, ഷെഫാലി വർമ്മ, ഹർലീന്‍ ഡിയോള്‍, അമന്‍ജോത് കൗർ, പൂജ വസ്ത്രകർ, യാസ്‍തിക ഭാട്യ, ഉമാ ഛേട്രി, അഞ്ജലി സർവാനി, മോണിക്ക പാട്ടീല്‍, റാഷി കനോജിയ, ബരെഡ്ഡി അനുഷ, സ്നേഹ് റാണ എന്നിവരാണുള്ളത്. ധാക്കയില്‍ ജൂലൈ 16, 19, 22 തിയതികളിലായാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുക.
ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് കളിച്ച മിന്നു മണി ബംഗ്ലാദേശിനെ മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയില്‍ 5 വിക്കറ്റ് നേടി. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ 7 എണ്ണവുമായി ബംഗ്ലാദേശിന്‍റെ സുല്‍ത്താന ഖാത്തൂന്‍ മാത്രമേ മിന്നുവിന് മുന്നിലുള്ളൂ. ഇന്ത്യന്‍ താരങ്ങളില്‍ മിന്നു മണിയാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും ടി20കളില്‍ രണ്ട് വീതവും വിക്കറ്റാണ് മിന്നു സ്വന്തമാക്കിയത്. പരമ്പരയില്‍ 11 ഓവറുകളില്‍ 58 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു അഞ്ച് ബംഗ്ലാ താരങ്ങളെ പുറത്താക്കിയത്.
Read more: ഫീല്‍ഡിംഗിലും മിന്നല്‍പ്പിണറായി മിന്നു മണി; ഞെട്ടിച്ച് സൂപ്പർ ത്രോ, റണ്ണൗട്ട്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം