ഇന്ത്യയിൽ കളിക്കില്ലെന്ന് പറഞ്ഞ ബംഗ്ലാദേശിന് 'മുട്ടൻ പണി'; കോടികളുടെ നഷ്ടം, താരങ്ങളും കടുത്ത എതിർപ്പിൽ; പരസ്യമായി പറയാൻ മടി

Published : Jan 23, 2026, 06:27 PM IST
Bangladesh

Synopsis

ഇന്ത്യയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിൽ താരങ്ങളും ബോർഡും തമ്മിൽ തർക്കം രൂക്ഷം. സർക്കാർ നിർദ്ദേശപ്രകാരമാണ് പിന്മാറ്റമെന്ന് ബിസിബി പറയുമ്പോൾ, കളിക്കാൻ തയ്യാറാണെന്ന് താരങ്ങൾ.

ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിൽ കളിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് താരങ്ങൾ ബോർഡിനെ അറിയിച്ചെങ്കിലും, സർക്കാർ നിർദ്ദേശപ്രകാരം പിന്മാറ്റവുമായി മുന്നോട്ട് പോകാനാണ് ബിസിബി തീരുമാനിച്ചത്. ബംഗ്ലാദേശ് ട്വന്‍റി 20 ടീം ക്യാപ്റ്റൻ ലിറ്റൺ ദാസും ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ സാന്തോയും ബിസിബിയുമായുള്ള കൂടിക്കാഴ്ചയിൽ ടീം ഇന്ത്യയിൽ കളിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ലോകകപ്പ് പോലെയുള്ള വലിയ വേദികൾ നഷ്ടപ്പെടുത്താൻ താരങ്ങൾക്ക് താത്പര്യമില്ലായിരുന്നു.

തമീം ഇഖ്ബാലിനെപ്പോലെയുള്ള മുതിർന്ന താരത്തെ 'ഇന്ത്യൻ ഏജന്‍റ്' എന്ന് വിളിച്ച് ബോർഡ് ഭാരവാഹികൾ അപമാനിച്ചത് താരങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന ഭയത്താൽ പല താരങ്ങളും പരസ്യമായി പ്രതികരിക്കാൻ മടിക്കുകയാണ്. കളിക്കാരുടെ ആത്മവിശ്വാസം വകവെക്കാതെ, ആരാധകരുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷയാണ് ബിസിബി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് കേവലം രാഷ്ട്രീയപരമായ തീരുമാനമാണെന്നാണ് താരങ്ങളുടെ പക്ഷം.

സർക്കാർ ഇടപെടലും ബിസിബിയുടെ നീക്കവും

ഇന്ത്യയിൽ കളിക്കാൻ പോകേണ്ടതില്ല എന്നത് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ നേരിട്ടുള്ള നിർദേശമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്‌പോർട്‌സ് അഡ്വൈസർ ആസിഫ് നസ്‌റുൽ ഇക്കാര്യം ബിസിബിയെ അറിയിക്കുകയായിരുന്നു. ബിസിബിയുമായുള്ള കൂടിക്കാഴ്ച കേവലം ഒരു ചടങ്ങ് മാത്രമായിരുന്നുവെന്നും, താരങ്ങളുടെ അഭിപ്രായം ചോദിക്കുന്നതിന് മുൻപ് തന്നെ പിന്മാറാനുള്ള തീരുമാനം അധികൃതർ എടുത്തിരുന്നുവെന്നും ഒരു താരം ക്രിക്ബസ്സിനോട് വെളിപ്പെടുത്തി.

മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതോടെ ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്‌ലൻഡ് കളിക്കാനാണ് സാധ്യത. ഈ പിന്മാറ്റത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റിന് ഏകദേശം 325 കോടി രൂപയുടെ വൻ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സ്പോൺസർഷിപ്പ്, ബ്രോഡ്കാസ്റ്റ് വരുമാനത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അത്ഭുതങ്ങൾ പ്രതീക്ഷിച്ച് കേരളം, നിർണായക പോരിൽ നാണക്കേട് ഒഴിവാക്കാൻ പിടിച്ചുനിൽക്കണം; രഞ്ജിയിൽ ചണ്ഡിഗഢിന് 277 റൺസിന്‍റെ ലീഡ്
ടി20 ലോകകപ്പിന് മുൻപ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി; ആദം മിൽനെ പുറത്ത്, പകരക്കാരനാവുക ഇന്ത്യയുടെ പേടിസ്വപ്നം