ധാക്ക ടെസ്റ്റ്: സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക്

By Web TeamFirst Published Feb 23, 2020, 6:20 PM IST
Highlights

സിംബാബ്‌വെയ്‌ക്കെതിരെ ഏക ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 265നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തിട്ടുണ്ട്.
 

ധാക്ക: സിംബാബ്‌വെയ്‌ക്കെതിരെ ഏക ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. സിംബാബ്‌വെയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 265നെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 25 റണ്‍സ് മാത്രം പിറകിലാണ് ബംഗ്ലാദേശ്. ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് (79), മുഷ്ഫിഖര്‍ റഹീം (32) എന്നിവരാണ് ക്രീസില്‍. നേരത്തെ നാല് വീതം വിക്കറ്റ് വീഴ്ത്തിയ അബു ജായേദ്, നയീം ഹസന്‍ എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്.

തമീം ഇഖ്ബാല്‍ (41), സെയ്ഫ് ഹസന്‍ (8), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (71) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ യൗച്ചി, ചാള്‍ട്ടണ്‍ ഷുമ എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഷാന്റോയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മൊമിനുല്‍ ഇതുവരെ 9 ബൗണ്ടറികള്‍ കണ്ടെത്തി. 

ആറിന് 228 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച സിംബാബ്‌വെയ്ക്ക് 37 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. ക്രെയ്ഗ് ഇര്‍വിന്റെ (107) സെഞ്ചുറിയാണ് സന്ദര്‍ശകര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രിന്‍സ് മസൗറെ 64 റണ്‍സെടുത്തു. ജായേദ്, നയീം എന്നിവര്‍ക്ക് പുറമെ തയ്ജുല്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു.

click me!