
ധാക്ക: ഉത്തേജകമരുന്ന് ഉപയോഗത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബംഗ്ലാദേശ് പേസര്‍ ഷൊഹീദുല്‍ ഇസ്ലമിന്(Shohidul Islam) ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 10 മാസം വിലക്ക്. ഐസിസിയുടെ ഉത്തേജകമരുന്ന് വിരുദ്ധ നിയമത്തിലെ അനുച്ഛേദം 2.1 ഇരുപത്തിയേഴുകാരനായ താരം ലംഘിച്ചതായാണ് കണ്ടെത്തല്‍.
ഈ വര്‍ഷം മെയ് 28 മുതല്‍ താരത്തിന് വിലക്ക് ബാധകമാകും. 2023 മാര്‍ച്ച് 28നെ താരത്തിന് തിരികെ ടീമിലെത്താന്‍ യോഗ്യതയുള്ളൂ. താരത്തിന്‍റെ മൂത്ര സാംപിള്‍ പരിശോധിച്ചപ്പോള്‍ വാഡയുടെ നിരോധന പട്ടികയിലുള്ള പദാര്‍ഥത്തിന്‍റെ അംശം കണ്ടെത്തുകയായിരുന്നു. ചികിത്സാ ആവശ്യങ്ങൾക്കായി നിയമപരമായി നിർദ്ദേശിച്ച മരുന്നിന്‍റെ രൂപത്തിൽ നിരോധിത പദാർത്ഥം ഷൊഹീദുല്‍ ഇസ്ലം അശ്രദ്ധമായി കഴിക്കുകയായിരുന്നു എന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്താനല്ല ഈ മരുന്ന് ഉപയോഗിച്ചിരുന്നത് എന്ന് താരവും വിശദീകരിച്ചു.
ബംഗ്ലാദേശിനായി ഒരു ടി20 മത്സരത്തില്‍ മാത്രമാണ് ഷൊഹീദുല്‍ ഇസ്ലം കളിച്ചിട്ടുള്ളത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ താരം ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകള്‍ക്കുള്ള സ്ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ്, ടി20 സ്ക്വാഡുകളിലുണ്ടായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!