
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍(ENG vs IND 1st ODI) ടീം ഇന്ത്യ 10 വിക്കറ്റിന്‍റെ അതിശയിപ്പിക്കുന്ന ജയമായിരുന്നു നേടിയത്. കൂറ്റനടിക്കാര്‍ നിറഞ്ഞ ഇംഗ്ലണ്ട് പോലൊരു ടീമിനെ ഇന്ത്യ(Team India) വെറും 110 റണ്ണില്‍ സ്വന്തം മൈതാനത്ത് പുറത്താക്കി. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ ജയഭേരിക്ക് കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണ്‍(Michael Vaughan). ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളില്‍ ഒന്നായിരിക്കും എന്നും വോണ്‍ ക്രിക്ബസിനോട് ചൂണ്ടിക്കാട്ടി.
'ടി20 ലോകകപ്പിന് ഇന്ത്യന്‍ ടീം തയ്യാറായിക്കഴിഞ്ഞു. ടി20 പരമ്പര കളിച്ച രീതി കണ്ടാലറിയാം. ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീം ഐപിഎല്ലിന്‍റെ ഉല്‍പന്നമാണ്. ലോകത്തെ എല്ലാ സാഹചര്യങ്ങളിലും അവര്‍ മികവ് കാട്ടുന്നു. ഓസ്ട്രേലിയയില്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ടി20 ലോകകപ്പ് കളിക്കാനെത്തുമ്പോള്‍ ഇന്ത്യ ഉറപ്പായും ഫേവറൈറ്റുകളിലൊന്നായിരിക്കും. അതിനുള്ള കരുത്തും കഴിവും ഇന്ത്യക്കുണ്ട്' എന്ന് മൈക്കല്‍ വോണ്‍ പ്രശംസിച്ചു. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് വിജയിച്ചിരുന്നു.
ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇംഗ്ലണ്ടിനെതിരെ ഉയര്‍ത്താന്‍ ടീം ഇന്ത്യ ലോര്‍ഡ്സില്‍ ഇറങ്ങിയിരിക്കുകയാണ്. ഓവലില്‍ നടന്ന ആദ്യ ഏകദിനം 10 വിക്കറ്റിന് വിജയിച്ച് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. ഇന്ന് ലോര്‍ഡ്സില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ശ്രേയസ് അയ്യര്‍ക്ക് പകരം വിരാട് കോലി തിരിച്ചെത്തി. ബൗളിംഗ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്.