
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ബംഗ്ലാദേശിന്‍റെ തോല്‍വിക്ക് കാരണം അമ്പയറിംഗ് പിഴവെന്ന് കുറ്റപ്പെടുത്തി മത്സരത്തില്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്കോററായ തൗഹിദ് ഹൃദോയ്. മത്സരത്തിലെ പതിനേഴാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഓട്നീല്‍ ബാര്‍ട്‌മാന്‍റെ പന്തില്‍ ബംഗ്ലാദേശിനായി ക്രീസിലുണ്ടായിരുന്ന മെഹമ്മദുള്ളയെ അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചിരുന്നു. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് ലെഗ് സ്റ്റംപിലേക്ക് പോകുമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുന്ന പന്തിലാണ് അമ്പയർ സാം നൊഗജ്സ്കി ഔട്ട് വിളിച്ചത്.
എന്നാല്‍ ഉടന്‍ റിവ്യു എടുത്ത മെഹമ്മദുള്ള റിവ്യൂവിലൂടെ അമ്പയറുടെ തീരുമാനം തിരുത്തിച്ചു. പക്ഷെ മെഹമ്മദുള്ളയുടെ പാഡില്‍ തട്ടി പന്ത് ബൗണ്ടറി കടന്നെങ്കിലും അമ്പയര്‍ അതിന് മുമ്പ് ഔട്ട് വിളിച്ചിരുന്നതിനാല്‍ ലെഗ് ബൈ ബൗണ്ടറി ബംഗ്ലാദേശിന് അനുവദിച്ചില്ല. നിയമപ്രകാരം അമ്പയര്‍ ഔട്ട് വിളിച്ചാല്‍ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. റിവ്യൂവിലൂടെ അമ്പയറുടെ തീരുമാനം തിരുത്തിയെങ്കിലും ബംഗ്ലാദേശിന് അര്‍ഹമായ നാലു റണ്‍സ് നിഷേധിക്കപ്പെട്ടു. മത്സരം ബംഗ്ലാദേശ് തോറ്റതും നാലു റണ്‍സിനായിരുന്നു എന്നറിയുമ്പോഴാണ് ഈ ലെഗ് ബൈയുടെ വിലയറിയുക.
സത്യസന്ധമായി പറഞ്ഞാല്‍ അമ്പയറുടെ ആ തീരുമാനം അന്തിമ മത്സരഫലത്തെ സ്വാധീനിച്ചുവെന്ന് തൗഹിദ് ഹൃദോയ് പറഞ്ഞു. അമ്പയറുടെ തീരുമാനം കുറച്ച് കടുപ്പമായിപ്പോയി. ആ നാല് റണ്‍സ് കളിയുടെ ഗതി തന്നെ മാറ്റിയേനെയെന്നും ഹൃദോയ് മത്സരശേഷം പറഞ്ഞു. മത്സരത്തില്‍ 34 പന്തില്‍ 37 റണ്‍സെടുത്ത ഹൃദോയ് ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഡെഡ് ബോള്‍ നിയമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിയമം തന്‍റെ കൈയിലല്ലെന്നും ആ സമയം ആ നാലു റണ്‍സ് ടീമിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും ഹൃദോയ് പറഞ്ഞു.
ചെറിയ സ്കോറുകള്‍ പിറക്കുന്ന മത്സരങ്ങളില്‍ ഒന്നോ രണ്ടോ റണ്‍സ് പോലും പ്രധാനമാണ്. അതുപോലെ ഒന്നോ രണ്ടോ വൈഡുകളും റബാഡയുടെ പന്തില്‍ എന്നെ എല്‍ബിഡബ്ല്യു വിധിക്കാന്‍ കാരണമായ അമ്പയേഴ്സ് കോളുമെല്ലാം മത്സരത്തില്‍ ബംഗ്ലാദേശിന് തിരിച്ചടിയായെന്നും ഹൃദോയ് പറഞ്ഞു. പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ തന്‍റെ വിക്കറ്റ് നഷ്ടമായതാണ് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയതെന്നും ഹൃദോയ് പറഞ്ഞു. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുള്ള ബംഗ്ലാദേശ് അടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ നേരിടും. അതേസയമം മൂന്ന് കളികള്‍ ജയിച്ച ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ല്‍ എത്തുന്ന ആദ്യ ടീമാവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!