ചാഹര്‍ എറിഞ്ഞിട്ടു; ബംഗ്ലാദേശിന്‍റെ തുടക്കം തകര്‍ച്ചയോടെ

By Web TeamFirst Published Nov 10, 2019, 9:24 PM IST
Highlights

നിര്‍ണായക ടി20യില്‍ ഇന്ത്യക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യ ഉയര്‍ത്തിയ 174നെതിരെ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന നിലയിലാണ്. 

നാഗ്പൂര്‍: നിര്‍ണായക ടി20യില്‍ ഇന്ത്യക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യ ഉയര്‍ത്തിയ 174നെതിരെ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് 33 എന്ന നിലയിലാണ്. ലിറ്റണ്‍ ദാസ് (9), സൗമ്യ സര്‍ക്കാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. മുഹമ്മദ് നെയിം (22), മുഹമ്മദ് മിഥുന്‍ (2) എന്നിവരാണ് ക്രീസില്‍. ദീപക് ചാഹറിനാണ് രണ്ട് വിക്കറ്റുകളും. നേരത്തെ ശ്രേയസ് അയ്യര്‍ (62), കെ എല്‍ രാഹുല്‍ (52) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ചാഹറിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കുകയായിരുന്നു ലിറ്റണ്‍ ദാസ്. തൊട്ടടുത്ത പന്തില്‍ സര്‍ക്കാരും മടങ്ങി. ആദ്യ പന്ത് തന്നെ മിഡ് ഓഫിലൂടെ കളിക്കാനുള്ള ശ്രമം ശിവം ദുബെയുടെ കയ്യില്‍ ഒതുങ്ങി. നേരത്തെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നേരത്തെ മടങ്ങിയെങ്കിലും രാഹുല്‍, അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സ് ഇന്ത്യക്ക് തുണയായി. 

രോഹിത് ശര്‍മ (2), ശിഖര്‍ ധവാന്‍ (19), ഋഷഭ് പന്ത് (6) എന്നിങ്ങനെയാണ് മറ്റുള്ളതാരങ്ങളുടെ സ്‌കോറുകള്‍. മനീഷ് പാണ്ഡെ, ശിവം ദുബെ എന്നിവര്‍ പുറത്താവാതെ നിന്നു. നേരിട്ട ആറാം പന്തില്‍ തന്നെ രോഹിത് പുറത്തായി. ഷഫിയുളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. ധവാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ശ്രേയസ് സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അല്‍ അമീനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ മിഡ് ഓഫില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി. പിന്നീടെത്തിയ പന്ത് ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. സൗമ്യ സര്‍ക്കാരിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 

നേരത്തെ, മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല. എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന്‍ ടീമിലെത്തി.

click me!