
ബാഴ്സലോണ: സ്പെയിന്‍ ലോകചാമ്പ്യന്‍മാരായതിന്റെ പത്താം വാര്‍ഷികത്തില്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടീമിന്റെ വിജയഗോള്‍ നേടിയ ഇതിഹാസതാരം ആന്ദ്രെ ഇനിയേസ്റ്റയെ ആദരിക്കാനായി അധികൃതര്‍ തയാറാക്കിയത് താരത്തിന്റെ നഗ്നപ്രതിമ. ഫൈനലില്‍ ഇനിയേസ്റ്റ ഗോള്‍ നേടുന്ന പൊസിഷനില്‍ തയാറാക്കിയ പ്രതിമക്ക് വസ്ത്രം ഇല്ലാതിരുന്നത് ആരാധകരുടെ രോഷത്തിന് ഇടയാക്കിയതോടെ ഇനിയേസ്റ്റയെ തുണിയീടിച്ച് അധികൃതര്‍ തടിയൂരി. ഷോര്‍ട്സ് ധരിപ്പിച്ചെങ്കിലും പ്രതിമ ഇപ്പോഴും ടോപ്‌ലെസാണ്.
ആരാധകര്‍ രോഷം പ്രകടിപ്പിച്ചെങ്കിലും സാക്ഷാല്‍ ഇനിയേസ്റ്റ ഇത് വെറും തമാശയായാണ് എടുത്തത്. ജാപ്പനീസ് ക്ലബ്ബായ വിസല്‍ കോബെക്കായി കളിക്കുന്ന ഇനിയേസ്റ്റ തനിക്ക് ഷോര്‍ട്ട്സ് ഇടീച്ചതിന് നന്ദി അറിയിച്ചിട്ടുണ്ട്. 2010ലെ ലോകകപ്പില്‍ നിശ്ചിത സമയത്ത് ഗോള്‍രഹിതമായ മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ ഇനിയേസ്റ്റ നേടിയ ഗോളാണ് സ്പെയിനിന് ആദ്യ ലോകകിരീടം സമ്മാനിച്ചത്.
ലോകകപ്പ് നേട്ടത്തിന്റെ പത്താംവാര്‍ഷികത്തില്‍ ജന്‍മനാടായ ആൽബസെറ്റെ ടൗണ്‍ഹാളാണ് ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പൂര്‍ണമായും സ്പെയിനിന്റെ ജേഴ്സി കിറ്റ് ധരിച്ചുനില്‍ക്കുന്ന ഇനിയേസ്റ്റയുടെ പ്രതിമ സ്ഥാപിക്കാനായിരുന്നു തിരുമാനം.
ലോകകപ്പ് നേട്ടത്തിന്റെ പത്താം വാര്‍ഷിക ദിനമായ ജൂലൈ 10നാണ് ആഷോഷങ്ങളുടെ ഭാഗമായി പ്രതിമ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ചടങ്ങ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യം അറിയിക്കാന്‍ ആല്‍ബസെറ്റെ ടൗണ്‍ഹാള്‍ ചെയ്ത ട്വീറ്റിലാണ് ഇനിയേസ്റ്റയുടെ നഗ്നപ്രതിമ ഇടംപിടിച്ചത്.
അതേസമയം, ഇപ്പോള്‍ പുറത്തുവന്ന പ്രതിമയുടെ ചിത്രങ്ങള്‍ പൂര്‍ണമായവ അല്ലെന്നും കളിമണ്ണില്‍ തീര്‍ത്ത മാതൃക മാത്രമാണെന്നും ആല്‍ബസെറ്റെ ടൗണ്‍ ഹാള്‍ പ്രതിനിധി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാവുന്ന വെങ്കല പ്രതിമയില്‍ ഇനിയേസ്റ്റ പൂര്‍ണമായും സ്പെയിനിന്റെ ദേശിയ ജേഴ്സി ധരിച്ചായിരിക്കുമെന്നും പ്രതിനിധി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!