
വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ചും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് സഹഉടമയില്‍ നിന്ന് കരണത്തടി നേരിട്ടതുമടക്കം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റോസ് ടെയ്‌ലറുടെ ആത്മകഥ വലിയ കോലാഹലം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വീരേന്ദര്‍ സെവാഗ് ഐപിഎല്ലിനിടെ തനിക്ക് നല്‍കിയ ഒരു ശ്രദ്ധേയ ഉപദേശത്തെ കുറിച്ചും മനസുതുറക്കുന്നുണ്ട് 'റോസ് ടെയ്‌ലർ ബ്ലാക്ക് ആൻഡ് വൈറ്റ്' എന്ന പുസ്‌തകത്തില്‍ കിവീസ് ബാറ്റിംഗ് ജീനിയസ്.
2012 ഐപിഎല്‍ സീസണിലെ അനുഭവങ്ങളാണ് റോസ് ടെയ്‌ലര്‍ പറയുന്നത്. 'സെവാഗിന്‍റെ റസ്റ്റേറന്‍റില്‍ ഞങ്ങളെല്ലാവരും വൈകിട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ടീമിലെ ഏറെപ്പേര്‍ ഫുട്ബോള്‍ പ്രേമികളായതിനാല്‍ ബിഗ് സ്‌ക്രീനില്‍ അവിടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് മത്സരം കാണുകയായിരുന്നു. സെര്‍ജിയോ അഗ്യൂറോയുടെ ഇഞ്ചുറിടൈം ഗോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ കിരീടം സമ്മാനിച്ച മത്സരം. സെവാഗ് ഒരുക്കിയ ഡിന്നര്‍ അതിമനോഹരമായിരുന്നു. പ്രത്യേകിച്ച് ചെമ്മീന്‍. ഞാനത് കഴിച്ചുകൊണ്ടേയിരുന്നു, നിര്‍ത്താന്‍ തോന്നിയില്ല. സെവാഗ് അത് കാണുന്നുണ്ടായിരുന്നു എന്ന കാര്യം ഞാനറഞ്ഞിരുന്നില്ല.
തൊട്ടടുത്ത ദിവസം ഞങ്ങള്‍ക്ക് മത്സരമുണ്ടായിരുന്നു. സെവാഗ് മൈതാനത്തിന്‍റെ നാലുപാടും അനായാസം ബൗളര്‍മാരെ പറത്തിക്കൊണ്ടിരുന്നു. ഞാനടക്കമുള്ള വിദേശ താരങ്ങള്‍ ഹിറ്റ് ചെയ്യാന്‍ പാടുപെട്ടു. താരലേലത്തില്‍ ഏറെ പണം ലഭിച്ചതിനാല്‍ റണ്‍സ് കണ്ടെത്താനാവാത്തത് എന്നെ കുഴപ്പിച്ചിരുന്നു. ഞാന്‍ ക്രീസിലെത്തുമ്പോള്‍ സമ്മര്‍ദമുണ്ടായിരുന്നെങ്കിലും സെവാഗ് ഒരു കൂസലുമില്ലാതെ ബാറ്റ് വീശിക്കൊണ്ടിരുന്നു. എന്‍റെ ഗ്ലൗവില്‍ ഇടിച്ചിട്ട് അദ്ദേഹം പറഞ്ഞു, ചെമ്മീന്‍ കഴിക്കുന്നത് പോലെ ബാറ്റ് ചെയ്യൂ. ആനന്ദത്തിന് വേണ്ടി അയാള്‍ ക്രിക്കറ്റ് കളിക്കുന്നത് പോലെ തോന്നി. പിന്നീട് ഞങ്ങള്‍ കണ്ടപ്പോഴൊക്കെ സെവാഗ് എനിക്കായി ചെമ്മീന്‍ കൊണ്ടുവന്നിരുന്നതായും' റോസ് ടെയ്‌ലര്‍ തന്‍റെ ആത്മകഥയില്‍ പറയുന്നു.
ന്യൂസിലന്‍ഡ് ക്രിക്കറ്റിനെതിരേയും വെളിപ്പെടുത്തല്‍
ന്യൂസിലന്‍ഡ് ടീമിന്‍റെ ഭാഗമായിരുന്ന കാലത്ത് ഡ്രസിംഗ് റൂമിലടക്കം വംശീയാധിക്ഷേപം നേരിടേണ്ടിവന്നിരുന്നുവെന്ന് റോസ് ടെയ്‌ലർ ആത്മകഥയില്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റോസ് ടെയ്‌ലർ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന പുസ്‌തകത്തിലാണ് കിവീസ് ക്രിക്കറ്റിനെ ഏറെ വിവാദത്തിലാക്കുന്ന തുറന്നുപറച്ചിൽ. സമോവൻ പാരമ്പര്യമുണ്ടായിരുന്ന റോസ് ടെയ്‌ലറിനെ ചില താരങ്ങൾ ഡ്രസിംഗ് റൂമിൽ കളിയാക്കിയിരുന്നെന്നും നിങ്ങളുടെ ഒരു ഭാഗം മാത്രമാണ് നല്ലതെന്ന് പരിഹസിച്ചെന്നും പുസ്‌തകത്തിൽ പറയുന്നു. വെളുത്തവരുടെ ഒരു കൂട്ടമാണ് ന്യൂസിലൻഡിലെ കായികരംഗമെന്ന് ടെയ്‌ലര്‍ എഴുതി.
മോശം ഷോട്ടുകളിൽ പുറത്താകുമ്പോൾ തനിക്കും സഹതാരങ്ങൾക്കും രണ്ട് തരം സ്വീകരണമായിരുന്നെന്നും ടെയ്‌ലർ പറയുന്നു. വിമർശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളിൽ പോലും വംശീയവിദ്വേഷമുണ്ടായിരുന്നു. ഒറ്റപ്പെട്ട അവസ്ഥയായിരുന്നു കളിച്ച കാലമെന്നും ടെയ്‌ലറിന്‍റെ വാക്കുകളിലുണ്ട്.
രാജസ്ഥാന്‍ റോയല്‍സും പ്രതിക്കൂട്ടില്‍
ഐപിഎല്‍ ടൂര്‍ണമെന്‍റിനിടെ നേരിട്ട ദുരാനുഭവവും ആത്മകഥയില്‍ റോസ് ടെയ്‌ലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗമായിരുന്ന കാലത്ത് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ചേസ് ചെയ്യുന്നതിനിടെ പൂജ്യത്തിന് പുറത്തായതിന്‍റെ പേരില്‍ ടീം ഉടമ മൂന്നോ നാലോ തവണ കരണത്തടിച്ചുവെന്നാണ് ടെയ്‌ലറുടെ വെളിപ്പെടുത്തല്‍. 'റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ല' എന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാലു തവണ അടിച്ചു എന്നാണ് ആത്മകഥയില്‍ എഴുതിയിരിക്കുന്നത്.
ന്യൂസിലന്‍ഡിന്‍റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് റോസ് ടെയ്‌ലര്‍. ടെസ്റ്റില്‍ 7864 റണ്‍സും ഏകദിനത്തില്‍ 8602 റണ്‍സും രാജ്യാന്തര ടി20യില്‍ 1909 റണ്‍സും നേടി. ഏകദിനത്തിലും ടെസ്റ്റിലും കിവീസിന്‍റെ ഉയര്‍ന്ന റൺവേട്ടക്കാരനാണ്. മൂന്ന് ഫോർമാറ്റിലും 100 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ ക്രിക്കറ്റ് താരമായ റോസ് ടെയ്‌ലർ 16 വർഷത്തെ കരിയറിന് ശേഷം കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്. ടെയ്‌ലറുടെ വെളിപ്പെടുത്തലില്‍ നടുക്കം രേഖപ്പെടുത്തിയ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രതിനിധി, താരമായി ഉടന്‍ സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പൂജ്യത്തിന് പുറത്തായതിന് ഐപിഎല്‍ ടീം ഉടമ കരണത്തടിച്ചു, വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍