
മുംബൈ: ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാക് നായകന്‍ ബാബര്‍ അസം. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ ഇരുവരും സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിംബാബ്‌വെ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ.
'വിരാട് കോലി എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ്. ടൈഗര്‍ വുഡ്‌സ്, മുഹമ്മദ് അലി എന്നിവര്‍ക്കൊപ്പമാണ് ഞാന്‍ കോലിയുടെ പേര് ചേര്‍ത്തുവെക്കുന്നത്. മറ്റുള്ളവര്‍ ചിന്തിക്കാത്ത കാര്യങ്ങള്‍ ഇവര്‍ ആലോചിച്ചു. അവരവരുടെ കായികയിനങ്ങളില്‍ വിപ്ലവം സൃഷ്‌ടിച്ച താരങ്ങളാണവര്‍. എന്തെങ്കിലും പുതിയതായി കണ്ടെത്താന്‍ ശ്രമിച്ച ഇവരെ എല്ലാവരും പിന്നീട് പിന്തുടരുകയായിരുന്നു. ക്രിക്കറ്റ് എപ്പോഴും ഫിറ്റ്‌നസുമായി ബന്ധപ്പെട്ടിരിക്കുന്നു. യുവ താരങ്ങള്‍ക്ക് ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ മാതൃകയാവാന്‍ കോലിക്കായി. അതില്‍ കോലിയെ ഏവരും ബഹുമാനിക്കുന്നു'- സിക്കന്ദര്‍ റാസ പറഞ്ഞു.
കോലി ഫോമിലേക്ക് തിരിച്ചെത്താന്‍ എന്ത് ചെയ്യണം?
ഫോമിലേക്ക് തിരിച്ചെത്താന്‍ കോലി എന്ത് ചെയ്യണം എന്ന ചോദ്യത്തിന് യുക്തിപരമായ മറുപടിയാണ് സിംബാബ്‌വെ താരം നല്‍കിയത്. '16000-20000 റണ്‍സുള്ള ഒരു താരത്തിന് ഉപദേശം നല്‍കാനുള്ള പരിചയസമ്പത്ത് എനിക്കില്ല. കോലിയോട് അതിനാല്‍ എനിക്ക് ഒന്നും പറയാനില്ല. ആളുകള്‍ നിശ്‌ബ്ദരായിരിക്കൂ, കോലിയെ സമാധാനത്തില്‍ വെറുതെ വിടൂ, അദ്ദേഹം ഫോമിന്‍റെ ഉന്നതിയിലേക്ക് തിരിച്ചെത്തും' എന്നും സിക്കന്ദര്‍ റാസ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കൊപ്പം പാകിസ്ഥാനും ഓസ്‌ട്രേലിയയും ടി20 ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളാണെന്നും റാസ ഒരു യൂട്യൂബ് ചാനലിനോട് വ്യക്തമാക്കി.
അടുത്തിടെ ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുമായി വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് സിക്കന്ദര്‍ റാസ. വലംകൈയന്‍ ബാറ്ററായ താരം 135*, 117* എന്നീ സ്കോറുകള്‍ സ്വന്തമാക്കി. ഇതോടെ പരമ്പരയിലെ താരമായി സിക്കന്ദര്‍ റാസ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.