'ഹര്‍മന്‍പ്രീതുമായി ഹസ്തദാനം ചെയ്യാതിരുന്നത് നിഗര്‍ സുല്‍ത്താനയുടെ സ്വന്തം തീരുമാനം'; വ്യക്തത വരുത്തി ബിസിബി

Published : Sep 14, 2026, 12:58 PM IST
Bangladesh Women's Captain Nigar Sultana

Synopsis

വനിതാ ഏഷ്യാ കപ്പ് സെമിയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ഹസ്തദാനം ചെയ്യാന്‍ നിഗര്‍ സുല്‍ത്താന വിസമ്മതിച്ചത് വ്യക്തിപരമായ തീരുമാനമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഈ വിഷയത്തില്‍ ബോര്‍ഡിന് പങ്കില്ലെന്നും ഏഷ്യന്‍ ഗെയിംസിന് ശേഷം സുല്‍ത്താനയുടെ നായകസ്ഥാനം പുനഃപരിശോധിക്കുമെന്നും ബിസിബി അറിയിച്ചു.

ധാക്ക: വനിതാ ഏഷ്യാ കപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി ഹസ്തദാനം ചെയ്യാന്‍ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന വിസമ്മതിച്ച സംഭവത്തില്‍ വിശദീകരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ടോസ് വേളയില്‍ നിഗര്‍ സുല്‍ത്താന ഹര്‍മന്‍പ്രീതുമായി കൈ കൊടുക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും, ഈ വിഷയത്തില്‍ ബോര്‍ഡിന് യാതൊരു പങ്കുമില്ലെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയര്‍മാന്‍ റഫീഖുല്‍ ഇസ്ലാം ബാബു വ്യക്തമാക്കി. സുല്‍ത്താനയുടെ ഈ തീരുമാനം പൂര്‍ണമായും വ്യക്തിപരമാണെന്നും എല്ലാ രാജ്യങ്ങളുമായും സൗഹൃദപരമായ ബന്ധം തുടരാനാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''തീര്‍ച്ചയായും, അത് അവരുടെ സ്വന്തം തീരുമാനമായിരുന്നു കായികം ലോകത്തെ ഒന്നിപ്പിക്കുന്നു എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയുമായി മാത്രമല്ല, എല്ലാ രാജ്യങ്ങളുമായും സൗഹൃദപരമായ ബന്ധമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവര്‍ ചെയ്തത് പൂര്‍ണമായും അവരുടെ വ്യക്തിപരമായ തീരുമാനമാണ്.'' അദ്ദേഹം പറഞ്ഞു. ഹസ്തദാനം ചെയ്യാതിരുന്ന യഥാര്‍ത്ഥ കാരണം നിഗര്‍ സുല്‍ത്താനയോ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് ടീമിലെ മറ്റ് അംഗങ്ങളോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഏഷ്യന്‍ ഗെയിംസിന് ശേഷം നിഗര്‍ സുല്‍ത്താനയുടെ നായകസ്ഥാനം പരിശോധിക്കുമെന്ന് ബിസിബി വനിതാ കമ്മിറ്റി ചെയര്‍മാന്‍ റഫീഖുല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'ബോര്‍ഡ് പ്രസിഡന്റുമായി ഞങ്ങള്‍ വിഷയം സമഗ്രമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ടീം നിലവില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നതിനാല്‍, ഗെയിംസ് അവസാനിച്ചതിന് ശേഷം ഞങ്ങള്‍ സാഹചര്യം വിലയിരുത്തും. ആദ്യം ഏഷ്യന്‍ ഗെയിംസില്‍ ടീം എങ്ങനെ പ്രകടനം നടത്തുന്നു എന്ന് നോക്കിയ ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.' റഫീഖുല്‍ വ്യക്തമാക്കി.

2025 അവസാനത്തോടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര, ക്രിക്കറ്റ് ബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് താരം മുസ്തഫിൂര്‍ റഹ്മാനെ ഒഴിവാക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ടി20 ലോകകപ്പ് 2026-നായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ബംഗ്ലാദേശ് വിസമ്മതിക്കുകയും, ഐസിസി അവരുടെ സ്ഥാനത്ത് സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്നിരുന്നാലും, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബംഗ്ലാദേശിന്റെ മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ബിസിബി പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനകളാണ് കാണുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ നിരാശപ്പെടുത്തി; സഞ്ജുവിന്റെ സ്ഥാനം ഒരിക്കല്‍ കൂടി ചോദ്യം ചെയ്യപ്പെടുന്നു
'ട്രോഫി കള്ളന്‍ നഖ്വി'; പാക് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയെ പരിഹസിച്ച് ഇന്ത്യന്‍ ടീം ആരാധകര്‍