ടി20 ലോകകപ്പ്: നിര്‍ണായക തീരുമാനം നാളെ; ഐപിഎല്‍ പ്രതീക്ഷയില്‍ ബിസിസിഐ

By Web TeamFirst Published Jul 19, 2020, 7:17 PM IST
Highlights

ഓസ്ട്രേലിയയില്‍ കൊവിഡ‍് നിയന്ത്രണവിധേയമായിരുന്നെങ്കിലും വിക്ടോറിയ സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും കൊവിഡ് നിയന്ത്രണവിധേയമായിട്ടില്ല.

ദുബായ്: ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഐസിസി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെയാണ് ഓസ്ട്രേലിയ ടി20 ലോകകപ്പിന് വേദിയാവേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പ് നടത്തുക അസാധ്യമാണെന്ന് ആതിഥേയരായ ഓസീസും വ്യക്തമാക്കിയിരുന്നു.

ഓസ്ട്രേലിയയില്‍ കൊവിഡ‍് നിയന്ത്രണവിധേയമായിരുന്നെങ്കിലും വിക്ടോറിയ സംസ്ഥാനത്ത് വീണ്ടും കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും കൊവിഡ് നിയന്ത്രണവിധേയമായിട്ടില്ല. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യ വേദിയാവേണ്ട ലോകകപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലാവും. 2022ല്‍ ഐസിസി ടൂര്‍ണമെന്റുകള്‍ ഒന്നുമില്ലാത്തതിനാല്‍ അടുത്തവര്‍ഷത്തെ ലോകകപ്പോ ഈ വര്‍ഷത്തെ ലോകകപ്പോ 2022 ലേക്ക് മാറ്റിവെക്കേണ്ടിവരും. എന്നാല്‍ അടുത്തവര്‍ഷത്തെ ലോകകപ്പ് മാറ്റാന്‍ ബിസിസിഐ  തയാറാവുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല.

ലോകകപ്പ് മാറ്റിവെച്ചാല്‍ ഐപിഎല്ലിന് വഴിയൊരുക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ടീമുകളും ഇതനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് സംബന്ധിച്ച് ഐസിസി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കുംവരെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ബിസിസിഐ തയാറല്ല.

click me!