ഒടുവില്‍ കുറ്റസമ്മതം; സിഡ്നി ടെസ്റ്റ് ഇന്ത്യ തോല്‍ക്കാന്‍ കാരണം തന്റെ തെറ്റായ രണ്ട് തീരുമാനങ്ങളെന്ന് ബക്നര്‍

By Web TeamFirst Published Jul 19, 2020, 5:32 PM IST
Highlights

സിഡ്നി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 135/6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ആന്‍ഡ്ര്യു സൈമണ്ട്സ് ക്യാച്ച് നല്‍കിയിയെങ്കിലും ബക്നര്‍ അനുവദിച്ചില്ല. ഇന്‍സൈഡ് എഡ്ജ് ചെയ്തുവെന്ന് വ്യക്തമായ പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരമാവധി അപ്പീല്‍ ചെയ്തിട്ടും ബക്നര്‍ വഴങ്ങിയില്ല.

ജമൈക്ക: സ്റ്റീവ് ബക്നറെന്ന അമ്പയറെ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാരില്‍ ഒരാളായിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പക്ഷപാതപരമായ തീരുമാനങ്ങളിലൂടെ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു ബക്നര്‍. ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു പലപ്പോഴും ബക്നറുടെ അമ്പയറിംഗ് പിഴവുകളുടെ ഏറ്റവും വലിയ ഇര. അടുത്തിടെ തന്റെ പിഴവുകള്‍ തുറന്നുപറഞ്ഞ് ബക്നര്‍ രംഗത്തെത്തിയിരുന്നു.


ഇപ്പോഴിതാ 2008ലെ സിഡ്നി ടെസ്റ്റിലെ തന്റെ തെറ്റായ രണ്ട് തീരുമാനങ്ങളാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബക്നര്‍. മിഡ്‌ഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ബക്നറുടെ വെളിപ്പെടുത്തല്‍. സിഡ്നി ടെസ്റ്റില്‍ ഞാന്‍ രണ്ട് തെറ്റുകള്‍ വരുത്തി. ഒന്നാം ദിനം ഒരു ഓസീസ് ബാറ്റ്സ്മാനെ സെഞ്ചുറി അടിക്കാന്‍ അനുവദിച്ചു. അവസാന ദിവസം ദ്രാവിഡിനെ ബാറ്റില്‍ തട്ടാത്ത ഒരു പന്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാനെ ഔട്ട് വിധിക്കുകയും ചെയ്തു. ഇതില്‍ അഞ്ചാം ദിവസത്തെ പിഴവാണ് ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനം. പക്ഷെ ഫീല്‍ഡില്‍ രണ്ട് തെറ്റുവരുത്തുന്ന ആദ്യ അമ്പയറൊന്നുമല്ല ഞാന്‍. എങ്കിലും അത് രണ്ടും പിഴവുകള്‍ തന്നെയാണ്. അത് എന്നെ വോട്ടയാടുകയും ചെയ്യും-ബക്നര്‍ പറഞ്ഞു.


സിഡ്നി ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 135/6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇഷാന്ത് ശര്‍മയുടെ പന്തില്‍ ആന്‍ഡ്ര്യു സൈമണ്ട്സ് ക്യാച്ച് നല്‍കിയിയെങ്കിലും ബക്നര്‍ അനുവദിച്ചില്ല. ഇന്‍സൈഡ് എഡ്ജ് ചെയ്തുവെന്ന് വ്യക്തമായ പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പരമാവധി അപ്പീല്‍ ചെയ്തിട്ടും ബക്നര്‍ വഴങ്ങിയില്ല. 30 റണ്‍സായിരുന്നു അപ്പോള്‍ സൈമണ്ട്സിന്റെ വ്യക്തിഗത സ്കോര്‍. മത്സരത്തില്‍ പിന്നീട്160 റണ്‍സടിച്ച സൈമണ്ട്സ് ഓസീസിനെ 463 റണ്‍സിലെത്തിച്ചു. സച്ചിന്റെയും ലക്ഷ്മണിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ 69 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

Also Read: തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ ഒന്നിലേറെത്തവണ പുറത്താക്കിയിട്ടുണ്ടെന്ന് സ്റ്റീവ് ബക്‌നര്‍

അഞ്ചാം ദിനം 72 ഓവറില്‍ 333 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്ക് മുന്നില്‍വെച്ചത്. ദ്രാവിഡും ഗാംഗുലിയും തമ്മില്‍ ഇന്ത്യക്കായി മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതിനിടെ സൈമണ്ട്സിന്റെ പന്തില്‍ ദ്രാവിഡിനെ ഔട്ട് വിളിച്ചതായിരുന്നു. 38 റണ്‍സെടുത്ത ദ്രാവിഡിന്റെ ബാറ്റില്‍ തട്ടാത്ത പന്തിലായിരുന്നു ബക്നര്‍ ഔട്ട് വിളിച്ചത്. റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായിരുന്നു. ഇതോടെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യ മത്സരം കൈവിടുകയും ചെയ്തു.

click me!