ഐപിഎല്ലിൽ 732 റൺസ് അടിച്ചിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല, കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ബിസിസിഐ

Published : Jun 07, 2026, 08:53 AM IST
Shubman Gill

Synopsis

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ കരിയറിലെ ഗില്ലിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

മുംബൈ: ഐപിഎല്ലിൽ റണ്‍സടിച്ചുകൂട്ടുകയും ക്യാപ്റ്റനായി ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും ചെയ്തെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെയുള്ള കാലയളവിൽ റെഡ്-ബോൾ (ടെസ്റ്റ്) ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ കരിയറിലെ ഗില്ലിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഐപിഎല്ലിൽ വിസ്മയം തീർത്ത വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഓപ്പണര്‍മാരായും ടോപ്ഓര്‍ഡറിലും പരിഗണിക്കാവുന്നരായി ഉള്ളപ്പോള്‍ ഗില്ലിന് എവിടെ ഇടം നല്‍കുമെന്നതും സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. യശസ്വി ജയ്സ്വാളിനെയും പ്രിയാന്‍ഷ് ആര്യയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും പോലുള്ള താരങ്ങള്‍ ഓപ്പണര്‍ സ്ഥാനത്തിനായി ശക്തമായി മത്സരരംഗത്തുണ്ട്.

തുടർച്ചയായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് ഗില്ലിന്‍റെ ഫിറ്റ്നസിനെ ബാധിക്കുമെന്ന ആശങ്ക സെലക്ഷൻ കമ്മിറ്റിക്കുണ്ട്. അടുത്ത 18 മാസത്തേക്ക് ഇന്ത്യൻ ടീമിനുള്ള മത്സരക്രമം അനുസരിച്ച് ഒരു കളിക്കാരന് മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങുക അസാധ്യമാണ്. അടുത്ത രണ്ട് വർഷത്തിനിടയിൽ 9 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും 2027 ലോകകപ്പിന് മുൻപായി 35-ഓളം ഏകദിനങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രണ്ട് പ്രധാന ഐസിസി ടൂർണമെന്‍റുകൾക്കായി താരം പൂർണ്ണ ഫിറ്റ്നസോടെ ഇരിക്കണമെന്ന കാര്യത്തിൽ വ്യക്തമായ ആശയവിനിമയം നടന്നിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് ഐപിഎല്ലിലും ഗില്ലിന് കളിക്കേണ്ടതുണ്ട്.

നിലവിൽ ബിസിസിഐയുടെ ടി20 പദ്ധതികളിൽ ഗില്ലിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, താരം പൂർണ്ണമായി ടി20 ഫോർമാറ്റിൽ നിന്ന് പുറത്തായെന്ന് ഇതിനർത്ഥമില്ല. 2028-ൽ നടക്കാനിരിക്കുന്ന ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്, ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗിൽ വീണ്ടും ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാപ്റ്റൻസി നഷ്ടമായതിന് പിന്നാലെ സൂര്യകുമാറിന്‍റെ ടീമിനെ വാങ്കഡെയിൽ വീഴ്ത്തി ശ്രേയസ്; മുംബൈ ടി20 ലീഗില്‍ തകർപ്പൻ ജയം
വൈഭവിന്റെ കൂടെ ഇംഗ്ലണ്ടിലേക്ക് അച്ഛനമ്മമാരും; മുതിര്‍ന്ന താരങ്ങളോട് ഇടപഴകാന്‍ സമയമെടുക്കുമെന്ന് വിശദീകരണം