രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ തേടി ബിസിസിഐ; ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവാന്‍ സാധ്യത

By Web TeamFirst Published Aug 12, 2021, 11:21 PM IST
Highlights

ഈ വർഷം തീരുന്ന കരാർ ഇനി പുതുക്കാനില്ലെന്ന് രവി ശാസ്ത്രി ബോർഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യപരിശീലകന്‍റെ പ്രായപരിധി 60 ആണെന്നിരിക്കെ 59കാരനായ രവിശാസ്ത്രിക്ക് ഇനിയും അവസരം നൽകിയേക്കില്ല.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിയാൻ രവി ശാസ്ത്രി സന്നദ്ധത അറിയിച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി ബിസിസിഐ.  ടി20 ലോകകപ്പിനുശേഷം ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിച്ചേക്കും. രാഹുൽ ദ്രാവിഡ് പുതിയ പരിശീലകനായേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ഈ വർഷം തീരുന്ന കരാർ ഇനി പുതുക്കാനില്ലെന്ന് രവി ശാസ്ത്രി ബോർഡ് അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. മുഖ്യപരിശീലകന്‍റെ പ്രായപരിധി 60 ആണെന്നിരിക്കെ 59കാരനായ രവിശാസ്ത്രിക്ക് ഇനിയും അവസരം നൽകിയേക്കില്ല. കാര്യങ്ങൾ ഈ വഴിക്ക് നീങ്ങിയാൽ ടി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കും.

ഇന്ത്യന്‍ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയിൽ തിളങ്ങിയ രാഹുൽ ദ്രാവിഡിനാണ് പുതിയ കൂടുതല്‍ സാധ്യത കൽപിക്കപ്പെടുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരൻ എന്ന നിലയിൽ താരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവും ദ്രാവിഡിന് മുൻതൂക്കം നൽകുന്നു. മുൻ ഒസ്ട്രേലിയൻ താരം ടോം മൂഡി, മഹേല ജയവർധന,വിവിഎസ് ലക്ഷ്മൻ തുടങ്ങിയ പേരുകളും ചർച്ചകളിലുണ്ട്.

ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് എന്നിവരും ശാസ്ത്രിക്കൊപ്പം പടിയിറങ്ങിയേക്കും. അങ്ങനെയെങ്കിൽ കോച്ചിംഗ് സ്റ്റാഫില്‍ പൂർണ അഴിച്ചുപണിയാവും അത്. ഭരത് അരുൺ,ആർ ശ്രീധർ എന്നിവർക്ക് ഐപിഎൽ ടീമുകൾ വൻ തുക പ്രതിഫലം  വാദ്ഗാദം നൽകിയെന്നാണ് സൂചന.

click me!