16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു.
കട്ടക്ക് : 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ബംഗാളും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. നേരിയ വ്യത്യാസത്തിലാണ് കേരളത്തിന് വിജയം നഷ്ടമായത്. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാള്‍ എട്ട് വിക്കറ്റിന് 128 റണ്‍സെടുത്ത് നില്‌ക്കെയാണ് കളി സമനിലയില്‍ അവസാനിച്ചത്. നേരത്തെ ഒന്‍പത് വിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. കളിയുടെ രണ്ടിന്നിങ്‌സുകളിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച എസ് വി ആദിത്യന്റെ പ്രകടനമാണ് കേരള നിരയില്‍ ശ്രദ്ധേയമായത്.
സമനിലയ്ക്കായി ശ്രമിക്കാതെ വിജയമെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് കേരളം അവസാന ദിവസം തുടക്കം മുതല്‍ ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ വിശാല്‍ ജോര്‍ജ്ജും ദേവര്‍ഷും ചേര്‍ന്ന് അതിവേഗം രണ്ടാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദേവര്‍ഷ് 36ഉം വിശാല്‍ ജോര്‍ജ് 49ഉം റണ്‍സ് നേടി. അദ്വൈത് വി നായരും അഭിനവ് ആര്‍ നായരും ചേര്‍ന്ന് 48 പന്തുകളില്‍ 49 റണ്‍സ് നേടി. അഭിനവ് 28ഉം അദ്വൈത് 34ഉം റണ്‍സ് നേടി. ഒടുവില്‍ ഒന്‍പത് വിക്കറ്റിന് 207 റണ്‍സെന്ന നിലയില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ബംഗാളിന് വേണ്ടി ആകാശ് യാദവ് മൂന്നും ത്രിപര്‍ണ സാമന്ത രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. എസ് വി ആദിത്യനാണ് ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരായ ചിരന്തന്‍ സാഹുവിനെയും ശ്രേയം ഘോഷിനെയും പുറത്താക്കിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ രാജേഷ് മൊണ്ടല്‍ ഉറച്ച് നിന്ന് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുടരെ വീണത് കേരളത്തിന് വിജയപ്രതീക്ഷ നല്കി. എന്നാല്‍ പത്താമനായി ക്രീസിലെത്തിയ പ്രബീണ്‍ ഛേത്രി, രാജേഷ് മൊണ്ടലിന് മികച്ച പിന്തുണയായി. 15 ഓവറിലേറെ പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് കേരളത്തിന്റെ വിജയത്തിന് വഴി മുടക്കിയത്. ബംഗാള്‍ എട്ട് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ നില്‌ക്കെ കളി സമനിലയില്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി എസ് വി ആദിത്യന്‍ അഞ്ചും നവനീത് കെ എസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ആദിത്യന്‍ വിലപ്പെട്ട 37 റണ്‍സും നേടിയിരുന്നു.
സ്‌കോര്‍
കേരളം
ഒന്നാം ഇന്നിങ്‌സ് -178 , രണ്ടാം ഇന്നിങ്‌സ് - 207/9 ഡിക്ലയേഡ്
ബംഗാള്‍
ഒന്നാം ഇന്നിങ്‌സ് - 193 , രണ്ടാം ഇന്നിങ്‌സ് - 128/8.

