നിരോധിക്കണോ സ്വിച്ച് ഹിറ്റ്; ചൂടന്‍ ചര്‍ച്ചയില്‍ ബാറ്റ്സ്‌മാന്‍മാരെ പിന്തുണച്ച് ഗാംഗുലി

By Web TeamFirst Published Dec 8, 2020, 2:22 PM IST
Highlights

സമകാലിക ബാറ്റ്സ്‌മാന്‍മാരില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത ഷോട്ടാണ് സ്വിച്ച് ഹിറ്റെന്നും അത് കളിക്കാന്‍ വലിയ ധൈര്യം വേണമെന്നുമാണ് ദാദയുടെ വാക്കുകള്‍. 

മുംബൈ: ക്രിക്കറ്റില്‍ 'സ്വിച്ച് ഹിറ്റ്' സജീവ ചര്‍ച്ചയായിരിക്കുകയാണ്. സ്വിച്ച് ഹിറ്റ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ മുന്‍താരങ്ങളായ ഇയാന്‍ ചാപ്പലും ഷെയ്‌ന്‍ വോണും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വിച്ച് ഹിറ്റിനെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി സ്വീകരിച്ചിരിക്കുന്നത്. സമകാലിക ബാറ്റ്സ്‌മാന്‍മാരില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത ഷോട്ടാണ് സ്വിച്ച് ഹിറ്റെന്നും അത് കളിക്കാന്‍ വലിയ ധൈര്യം വേണമെന്നുമാണ് ദാദയുടെ വാക്കുകള്‍. 

'ക്രിക്കറ്റ് വളരുകയാണ്. സമകാലിക ബാറ്റ്സ്‌മാന്‍മാരില്‍ നിന്ന് പ്രസിദ്ധമായ സ്വിച്ച് ഹിറ്റ് എടുത്തുകളയുക സാധ്യമല്ല. ധൈര്യത്തോടെ ഈ ഷോട്ട് കളിക്കാന്‍ വളരെ കരുത്ത് ആവശ്യമാണ്. ടൈമിങിനും കാലുകളുടെ ചലനത്തിനും പുറമെ മറ്റ് ഒട്ടേറെ കാര്യങ്ങള്‍ കൂടി വേണം. കെവിന്‍ പീറ്റേഴ്‌സനാണ് സ്വിച്ച് ഹിറ്റ് ആദ്യമായി കളിച്ചത്. പിന്നീട് ഡേവിഡ് വാര്‍ണറുടെ പേര് ഇതിനോടൊപ്പം വായിക്കപ്പെട്ടു. നന്നായി ഹിറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ മികച്ച ഷോട്ടാണ് സ്വിച്ച് ഹിറ്റ്' എന്നും ഗാംഗുലി പറഞ്ഞു. 

നിരോധനം ആവശ്യപ്പെട്ട് ചാപ്പലും വോണും

'പിച്ചിന്‍റെ ഏത് വശത്തുനിന്ന്, ഏത് കൈ കൊണ്ടാണ് പന്തെറിയുന്നത് എന്ന് ബൗളര്‍മാര്‍ മുന്‍കൂട്ടി അംപയറെ അറിയിക്കണം. ഇതിന് അനുസരിച്ചാണ് ഫീല്‍ഡിംഗ് വിന്യസിക്കുക. എന്നാല്‍ ബാറ്റ്സ്‌‌മാന്‍ പൊടുന്നനേ ദിശ മാറുമ്പോള്‍ ബൗളറുടേയും ഫീല്‍ഡര്‍മാരുടെയും താളം തെറ്റും. ക്രിക്കറ്റ് നിയമങ്ങളോടുള്ള വെല്ലുവിളിയാണ് സ്വിച്ച് ഹിറ്റ്, അതിനാല്‍ അത് നിരോധിക്കണം' എന്നുമായിരുന്നു ചാപ്പലിന്‍റെയും വേണിന്‍റെയും പ്രതികരണം. 

സമകാലിക ക്രിക്കറ്റില്‍ സ്വിച്ച് ഹിറ്റിന് പേരുകേട്ട താരങ്ങളിലൊരാളായ ഗ്ലെന്‍ മാക്‌സ്‌വെല്‍, ചാപ്പലിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. 'നിയമവിധേയമായാണ് ബാറ്റ്സ്‌മാന്‍മാര്‍ സ്വിച്ച് ഹിറ്റ് കളിക്കുന്നത്. നിരവധി പരിണാമങ്ങളിലൂടെ വളരുന്ന ക്രിക്കറ്റില്‍ ബാറ്റ്സ്‌മാന്‍റെയും ബൗളറുടെയും മികവ് ഓരോ ദിവസവും പരിശോധിക്കപ്പെടും. നക്കിള്‍ ബോള്‍ വികസിപ്പിച്ചതു പോലെ പുതിയ തന്ത്രങ്ങള്‍ ബൗളര്‍മാര്‍ വികസിപ്പിക്കട്ടെ' എന്നും മാക്‌സ്‌വെല്‍ പറഞ്ഞു. സ്വിച്ച് ഹിറ്റ് നിരോധിക്കുക പ്രായോഗികമല്ലെന്ന് അംപയര്‍ സൈന്‍ ടോഫലും അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയ എ- ഇന്ത്യ എ ത്രിദിന സന്നാഹമത്സരം സമനിലയില്‍

click me!