ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറാവാനുള്ള യോഗ്യത വ്യക്തമാക്കി സൗരവ് ഗാംഗുലി

By Web TeamFirst Published Feb 1, 2020, 5:56 PM IST
Highlights

മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതിയാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്കായി തെരഞ്ഞെടുപ്പ് നടത്തുക.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറാവാനുള്ള യോഗ്യതകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ച താരമായിരിക്കും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന് ഗാംഗുലി പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതിയാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്കായി തെരഞ്ഞെടുപ്പ് നടത്തുക.

എം എസ് കെ പ്രസാദ്, ഗഗന്‍ ഗോഡ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തുപോവുന്ന രണ്ടുപേര്‍. ഇതില്‍ എം എസ് കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു. ക്രിക്കറ്റ് ഉപദേശകസമിതി തന്നെയാണ് ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകളുടെ പരിശീലകരെയും തെരഞ്ഞെടുക്കേണ്ടത്.

ഇന്ത്യന്‍ ടീം മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ, നയന്‍ മോംഗിയ, മുന്‍ ലെഗ് സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, മുന്‍ ഓഫ് സ്പിന്നര്‍ രാജേഷ് ചൗഹാന്‍, ഇടം കൈയന്‍ ബാറ്റ്സ്മാനായിരുന്ന അമയ് ഖുറേസിയ എന്നിവരാണ്  സെലക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിച്ചിട്ടുള്ള പ്രമുഖര്‍.ഇതില്‍ കൂടുതല്‍ ടെസ്റ്റും ഏകദിനവും കളിച്ചിട്ടുള്ള അജിത് അഗാര്‍ക്കര്‍ക്കാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം.

click me!