
മുംബൈ: വിന്‍ഡീസിനെതിരെ പരമ്പര വിജയിയെ തീരുമാനിക്കുന്ന മുംബൈ ടി20യില്‍ ഭയരഹിതമായി ബാറ്റ് വീശിയ ടീം ഇന്ത്യയെ പ്രശംസകൊണ്ട് മൂടി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. മുംബൈയില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗിലായിരുന്നു ഇന്ത്യന്‍ ഹിമാലയന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യ പരമ്പര കൈവിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് വിജയം അത്ഭുതപ്പെടുത്തുന്നില്ല. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നതാണ് ടി20യില്‍ ഇപ്പോള്‍ കാണുന്നത്. ടീമിലെ സ്ഥാനം സുരക്ഷിതമാക്കുന്നതിനായല്ല ഒരു താരവും കളിക്കുന്നത്, ടീമിന്‍റെ വിജയം മാത്രമാണ് ലക്ഷ്യം. ടീം ഇന്ത്യ ഗംഭീരമാക്കി എന്നും ദാദ ട്വീറ്റ് ചെയ്തു.
വാംഖഡെയില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പിച്ച് ടി20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കെ എല്‍ രാഹുല്‍ 56 പന്തില്‍ 91 റണ്‍സും രോഹിത് ശര്‍മ്മ 34 പന്തില്‍ 71 റണ്‍സും നായകന്‍ വിരാട് കോലി 29 പന്തില്‍ 70 റണ്‍സും നേടി. മൂവരുടെയും വെടിക്കെട്ട് അര്‍ധ സെഞ്ചുറിയിലാണ് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 240 റണ്‍സെടുത്തത്.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 39 പന്തില്‍ 68 റണ്‍സെടുത്ത നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും 24 പന്തില്‍ 41 റണ്‍സെടുത്ത ഷിമ്രോന്‍ ഹെറ്റ്‌മയറും മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. രണ്ട് പേരെ വീതം പുറത്താക്കിയ ദീപക് ചഹാറും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് കരീബിയന്‍ പടയെ തളച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!