ഇന്ത്യന്‍ പരിശീലകനാവാന്‍ അപേക്ഷക പ്രളയം; ഇതുവരെ ലഭിച്ചത് 2000ല്‍ അധികം അപേക്ഷകള്‍

By Web TeamFirst Published Aug 1, 2019, 11:53 AM IST
Highlights

ഇന്ത്യന്‍ പരിശീലകനാവാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാവാന്‍ അപേക്ഷകരുടെ പ്രളയം. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇതുവരെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചുവെന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഓസീസ് താരം ടോം മൂഡി, ന്യൂസിലന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസ്സന്‍, ഇന്ത്യന്‍ താരങ്ങളായിരുന്ന റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്‌പുത് തുടങ്ങിയവരും അപേക്ഷകരിലുണ്ട്.

അതേസമയം, ഇന്ത്യന്‍ പരിശീലകനാവാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫീല്‍ഡിംഗ് പരിശീലകനാവാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സ് അടക്കമുള്ളവര്‍ രംഗത്തുണ്ട്.

വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെയാണ് നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുക.

click me!