ദക്ഷിണാഫ്രിക്കയുടെ എല്ലാ തന്ത്രങ്ങളും ഇന്ന് വിജയിച്ചു. അവർ ഇന്ത്യയെ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ നിന്ന് നിലത്തിട്ട് വലിച്ചിഴച്ചു, സത്യം പറഞ്ഞാൽ അവരെ ശരിക്കും അപമാനിച്ചു.

കറാച്ചി: ടി20 ലോകകപ്പിലെ നിർണ്ണായക സൂപ്പര്‍-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ പരിഹസിച്ച് മുൻ പാകിസ്ഥാൻ താരങ്ങൾ. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യയെ ദക്ഷിണാഫ്രിക്ക 'അപമാനിച്ചു' എന്നാണ് മുൻ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖ് പ്രതികരിച്ചത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 188 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 111 റൺസിന് തകർന്നടിഞ്ഞ് 76 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. പാകിസ്ഥാനിലെ ഒരു ടിവി ഷോയിൽ സംസാരിക്കവെയാണ് സഖ്‌ലൈൻ മുഷ്താഖ് ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

ദക്ഷിണാഫ്രിക്കയുടെ എല്ലാ തന്ത്രങ്ങളും ഇന്ന് വിജയിച്ചു. അവർ ഇന്ത്യയെ അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ നിന്ന് നിലത്തിട്ട് വലിച്ചിഴച്ചു, സത്യം പറഞ്ഞാൽ അവരെ ശരിക്കും അപമാനിച്ചു. അടുത്ത കാലത്തായി ടീം ഇന്ത്യക്കുണ്ടായിരുന്ന എല്ലാ അഹങ്കാരവും ദക്ഷിണാഫ്രിക്ക അഹമ്മദാബാദില്‍ എറിഞ്ഞുടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ദക്ഷിണാഫ്രിക്ക മികച്ച പ്രകടനമാണ് നടത്തിയതെന്നും അഭിഷേക് ശര്‍മയുടെ ക്യാച്ചെടുത്ത കോര്‍ബിൻ ബോഷിന്‍റെ ഫീല്‍ഡിംഗ് മികവ് അസാമാന്യമായിരുന്നെന്നും സഖ്‌ലൈൻ പറഞ്ഞു.

സമ്മർദ്ദഘട്ടങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ബലഹീനത പതറുമെന്ന് തുറന്നുകാട്ടാന്‍ ദക്ഷിണാഫ്രിക്കക്കായി എന്നായിരുന്നു മുൻ പേസർ ഷൊയൈബ് അക്തറിന്‍റെ പ്രധാന വിമർശനം. ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്ക് സമ്മർദ്ദം അതിജീവിക്കാൻ കഴിഞ്ഞില്ല. ഇന്ത്യ ശക്തമായ ടീമാണെന്ന് പറയുമെങ്കിലും നിർണ്ണായക സന്ദർഭങ്ങളിൽ കരുത്തുകാട്ടുന്നതില്‍ പരാജയപ്പെട്ടുവെന്നും അക്തര്‍ പറഞ്ഞു. ഹാർദിക് പാണ്ഡ്യ 20-ാം ഓവർ എറിയാൻ അനുയോജ്യനായ ബൗളറല്ലെന്നും അക്തർ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്ന് ഉമർ ഗുൽ നിരീക്ഷിച്ചു. അഞ്ചാം ബൗളറുടെ കാര്യത്തിൽ ഇന്ത്യ വലിയ ആശയക്കുഴപ്പത്തിലായിരുന്നു. ഹാർദിക്കും ദുബെയും പന്തുകൊണ്ട് കഷ്ടപ്പെട്ടപ്പോൾ വരുൺ ചക്രവർത്തിയും സമ്മർദ്ദത്തിലായി. ഇതോടെയാണ് ദക്ഷിണാഫ്രിക്ക പടുകൂറ്റൻ സ്കോറിലേക്ക് എത്തിയത്.

ടി20 ലോകകപ്പ് ചരിത്രത്തിൽ റൺസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയമാണിത് (76 റൺസ്). സെമി ഫൈനൽ സാധ്യതകൾ സങ്കീർണ്ണമായ ഈ സാഹചര്യത്തിൽ മുൻ പാക് താരങ്ങളുടെ ഈ പരിഹാസം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക