'പൃഥ്വി മാതൃകയാക്കേണ്ടത് റിഷഭ് പന്തിനെ'; ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാനുണ്ടായ കാരണം വ്യക്തമാക്കി ബിസിസിഐ

By Web TeamFirst Published May 8, 2021, 2:44 PM IST
Highlights

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് പൃഥ്വി ടീമില്‍ നിന്ന് പുറത്താകുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും താരത്തിന് പത്ത് റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല. 

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റതല്‍സിന് വേണ്ടി മികച്ച ഫോമിലായിരുന്നു യുവതാരം പൃഥ്വി ഷാ. ഓപ്പണറായെത്തിയ താരം മിക്ക മത്സരങ്ങളിലും ഡല്‍ഹിക്ക് മികച്ച തുടക്കം സമ്മാനിച്ചു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമാണ് പൃഥ്വി ടീമില്‍ നിന്ന് പുറത്താകുന്നത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും താരത്തിന് പത്ത് റണ്‍സില്‍ കൂടുതല്‍ നേടാന്‍ സാധിച്ചില്ല. 

ടീമില്‍ നിന്ന് പുറത്തായ പൃഥ്വി കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലം ആഭ്യന്തര സീസണില്‍ കാണുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും പൃഥ്വി തന്നെയായിരുന്നു. അതേ ഫോം ഐപിഎല്ലിലും തുടര്‍ന്നു. താരത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ തഴയപ്പെട്ടു. 

ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നിലെ കാരണവും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ശരീരഭാരം കൂടിയതാണ് പൃഥ്വിക്ക് വിനയായതെന്നാണ് പുറത്തുവരുന്ന വിവരം. താരത്തോട് ഭാരം കുറയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ''21കാരനായ പൃഥ്വി ഫീല്‍ഡിങ്ങില്‍ വളരെ പതുക്കെയാണ്. അവന്‍ ശരീരഭാരം അല്‍പം കുറയ്ക്കണം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അവന് ഫീല്‍ഡിംഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. റിഷഭ് പന്ത് അവന് മുന്നിലുള്ള വലിയ ഉദാഹരണമാണ്. 

ഒരിക്കല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പന്ത് വലിയ തിരിച്ചുവരവാണ് വരുത്തിയത്. പന്തിന് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ശരീരഭാരം കുറച്ച താരം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിവാക്കാനാവാത്ത താരമാണ്. പന്തിനെ മാതൃകയാക്കുകയാണ് പൃഥ്വി ചെയ്യേണ്ടത്. പന്തിന് കഴിയുമെങ്കില്‍ പൃഥ്വിക്കും തിരിച്ചുവരവ് സാധ്യമാണ്.'' ബിസിസിഐ വ്യക്തമാക്കി.

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 18നാണ് മത്സരം. ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടെസ്റ്റുകള്‍ കളിക്കും. ഓഗസ്റ്റ് നാലിന് നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ്.

click me!