തടി കുറക്കാതെ ടീമിലേക്ക് പരിഗണിക്കില്ലെന്ന് പൃഥ്വി ഷായോട് സെലക്ടര്‍മാര്‍

By Web TeamFirst Published May 8, 2021, 2:28 PM IST
Highlights

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിഷഭ് പന്തിന് ഭാരം കുറച്ച് ടീമിലേക്ക് തിരിച്ചുവരാനായെങ്കില്‍ പൃഥ്വി ഷാക്കും അതിന് കഴിയുമെന്നും സെലക്ടര്‍മാര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പൃഥ്വി ഷാ ഇപ്പോഴും മെല്ലെപ്പോക്കാണെന്നും സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഏറെ ചര്‍ച്ചയായത് യുവതാരം പൃഥ്വി ഷായെ ഒഴിവാക്കിയതിനെക്കുറിച്ചായിരുന്നു. വിജയ് ഹസാരെയിലും ഐപിഎല്ലിലും മിന്നുന്ന ഫോമിലായിരുന്ന പൃഥ്വി നിലവിലെ ഫോം പരിഗണിച്ച് മൂന്നാം ഓപ്പണറായി ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മായങ്ക് അഗര്‍വാളിനും അഭിമന്യു ഈശ്വരനുമാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്.

എന്നാല്‍ ഫോമല്ല, തടിയാണ് ഇന്ത്യന്‍ ടീമിലെത്തുന്നതില്‍ പൃഥ്വിക്ക് മുന്നില്‍ വിലങ്ങുതടിയായത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തണമെങ്കില്‍ തടി കുറച്ചേ പറ്റൂവെന്ന് സെലക്ടര്‍മാര്‍ പൃഥ്വി ഷായോട് നിര്‍ദേശിച്ചതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ പൃഥ്വി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ മാതൃകയാക്കണമെന്നും സെലക്ടര്‍മാര്‍ നിര്‍ദേശിച്ചുവെന്നാണ് സൂചന.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിഷഭ് പന്തിന് ഭാരം കുറച്ച് ടീമിലേക്ക് തിരിച്ചുവരാനായെങ്കില്‍ പൃഥ്വി ഷാക്കും അതിന് കഴിയുമെന്നും സെലക്ടര്‍മാര്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ പൃഥ്വി ഷാ ഇപ്പോഴും മെല്ലെപ്പോക്കാണെന്നും സെലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലെ ഫോം ഏതാനും ടൂര്‍ണമെന്‍റുകളില്‍ കൂടി തുടര്‍ന്നാല്‍ മാത്രമെ ഷായെ വീണ്ടും പരിഗണിക്കൂവെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനും രണ്ടാം ഇന്നിംഗ്സില്‍ നാലു റണ്‍സിനും പൃഥ്വി ഷാ പുറത്തായിരുന്നു. മത്സരത്തില്‍ ഏതാനും ക്യാച്ചുകളും ഷാ നഷ്ടമാക്കി. തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ഷാ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതോടെയാണ് വീണ്ടും സെലക്ടര്‍മാരുടെ വിളി പ്രതീക്ഷിച്ചത്.

ഐപിഎല്ലില്‍ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് 308 റൺസാണ് ഷാ ഇത്തവണ അടിച്ചെടുത്തത്.  72, 32, 53, 21, 82, 37 , 7 എന്നിങ്ങനെയാണ് സീസണിൽ ഷായുടെ ബാറ്റിം​ഗ് പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 41 പന്തിൽ നേടിയ 82 റൺസാണ് സീസണിലെ ഏറ്റവും മികച്ച പ്രകടനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!