'ഹൊ, ആശ്വാസം...', ഐപിഎല്ലിനൊരുങ്ങുന്ന ഇന്ത്യ- ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ബിസിസിഐയുടെ ഇളവ്

By Web TeamFirst Published Mar 21, 2021, 10:51 AM IST
Highlights

ഏഴ് ദിവസത്തെ ക്വാറന്റെന്‍ ആവശ്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന്  ഏകദിന മത്സരങ്ങള്‍ കൂടി ഇനിയും ശേഷിക്കുന്നുണ്ട്. 

അഹമ്മദാബാദ്: ഐപിഎല്‍ കളിക്കാനിരിക്കുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അശ്വാസ വാര്‍ത്ത. പരമ്പര പൂര്‍ത്തിയായാല്‍ നേരിട്ട് ഐപിഎല്ലിന്റെ ടീമിന്റെ പരിശീലന ക്യാംപില്‍ ചേരാം. ഇതിനിടയില്‍ ഏഴ് ദിവസത്തെ ക്വാറന്റെന്‍ ആവശ്യമില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍ മൂന്ന്  ഏകദിന മത്സരങ്ങള്‍ കൂടി ഇനിയും ശേഷിക്കുന്നുണ്ട്. 

മൂന്നാം ഏകദിനം ഈ മാസം 28നാണ്. പതിവ് അനുസരിച്ചാണെങ്കില്‍ ഏഴ് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞേ കളിക്കാര്‍ക്ക് ഐപിഎല്‍ ടീമിനൊപ്പം ചേരാനാവൂ. അതായത് ഏ്ര്രപില്‍ നാലിന് മാത്രം. അഞ്ച് ദിവസത്തിനപ്പുറം  ഒമ്പതാം തീയതി ഐപിഎല്‍ തുടങ്ങുകയും ചെയ്യും. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ താരങ്ങളും ഇംഗ്ലണ്ട് ടീമിലെ ഭൂരിഭാഗം പേരും ഐപിഎല്‍ കളിക്കുന്നുണ്ട്.

ടീം അംഗങ്ങള്‍ ഒരുമിച്ചുള്ള പരിശീലനത്തിന് ആവശ്യത്തിന് സമയം കിട്ടില്ലെന്ന് താരങ്ങളില്‍നിന്നും ഫ്രാഞ്ചൈസികളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ നിലവില്‍ ബയോ സെക്യുര്‍ ബബിളില്‍ ആയതിനാല്‍ നേരിട്ട് ഐപിഎല്‍ ടീമിനൊപ്പം ചേരാന്‍ അനുവാദം നല്‍കി. 

ഏകദിന മത്സരങ്ങള്‍ നടക്കുന്ന പൂനൈയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വേണം പരിശീലന ക്യാംപ് നടക്കുന്ന സ്ഥലത്തേക്ക് എത്താന്‍ എന്ന നിബന്ധന ബിസിസിഐ മുന്നോട്ട് വെച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ്- ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍- സിംബാബ്‌വെ പരമ്പരയും നിലവില്‍ നടക്കുന്നുണ്ട്. 

ഈ ടീമുകളില്‍നിന്നുള്ള ഐപിഎല്‍ കളിക്കുന്നവര്‍ക്കും ഇളവ് ബാധകമാണ്. അതേസമയം നിലവില്‍ ബബിളിലില്ലാത്ത താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും നിര്‍ബന്ധമായും ഏഴ്് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞേ ഐപിഎല്‍ ടീമിനൊപ്പം ചേരാവൂ എന്നും ബിസിസിഐ വ്യക്തമാക്കുന്നു.

click me!