ഐപിഎല്‍ ശ്രീലങ്കയില്‍ നടത്താമെന്ന നിര്‍ദേശം തള്ളി ബിസിസിഐ

By Web TeamFirst Published Apr 17, 2020, 5:58 PM IST
Highlights

ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താന്‍ തയാറായാലും ആകെ മൂന്ന് വേദികളിലായി മത്സരങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവരും. ഗോള്‍, കാന്‍ഡി, പ്രേമദാസ സ്റ്റേഡിയങ്ങളില്‍ മാത്രമെ മത്സരം സാധ്യമാവു.

കൊളംബോ: കൊവിഡ് മൂലം പ്രതിസന്ധിയിലായ ഇത്തവണ ഐപിഎല്ലിന് വേദിയൊരുക്കാമെന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം തള്ളി ബിസിസിഐ. ലോകം മുഴുവന്‍ അടച്ചുപൂട്ടി കൊവിഡിനെതിരായ പോരാട്ടത്തില്‍ മുഴുകുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാനുള്ള ബിസിസിഐ തീരുമാനം വന്നതിന് പിന്നാലെയാണ് ഐപിഎല്ലിന് വേദിയൊരുക്കാന്‍ തയാറാണെന്ന് ശ്രീലങ്ക ഇന്നലെ അറിയിച്ചത്. 

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷമ്മി സില്‍വയാണ് ഇക്കാര്യം ബിസിസിഐയെ അറിയിച്ചത്. എന്നാല്‍ ശ്രീലങ്കന്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാവുന്ന സാഹചര്യമല്ല ലോകത്ത് ഇപ്പോഴുള്ളതെന്ന് ബിസിസിഐ ഉന്നതന്‍ പിടിഐയോട് പറഞ്ഞു. നിലവില്‍ ഔദ്യോഗികമായി അത്തരമൊരു നിര്‍ദേശം ബിസിസിഐയുടെ മുന്നിലെത്തിയിട്ടില്ലെന്നും ഇനി വന്നാലും അര്‍ത്ഥവര്‍ത്തായ ചര്‍ച്ച ഇതില്‍ നടക്കുമോ എന്ന് ഉറപ്പില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. 

Also Read: വേദന സഹിക്കാവുന്നതിനപ്പുറമായിരുന്നു, ആത്മവിശ്വാസം നല്‍കിയത് ധോണി; 2015 ലോകകപ്പിനെ കുറിച്ച് മുഹമ്മദ് ഷമി

ശ്രീലങ്കയില്‍ ഐപിഎല്‍ നടത്താന്‍ തയാറായാലും ആകെ മൂന്ന് വേദികളിലായി മത്സരങ്ങള്‍ പരിമിതപ്പെടുത്തേണ്ടിവരും. ഗോള്‍, കാന്‍ഡി, പ്രേമദാസ സ്റ്റേഡിയങ്ങളില്‍ മാത്രമെ മത്സരം സാധ്യമാവു. രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം  നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയുടെ നിര്‍ദേശം നടപ്പാകാനുള്ള സാധ്യത അതിവദൂരമാണ്.

മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍.എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഐപിഎല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

click me!