
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ചേപ്പോക്കിൽ അഞ്ച് വിക്കറ്റിന് തകർത്ത് പഞ്ചാബ് കിംഗ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയതിതിന്‍റെ ആവേശം അടങ്ങുന്നതിന് മുൻപ് തന്നെ ടീമിന് വലിയ തിരിച്ചടി നൽകി ബിസിസിഐ.ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീമിലെ മറ്റ് അംഗങ്ങൾക്കും ബിസിസിഐ കനത്ത പിഴയാണ് ചുമത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് 24 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. ഗുജറാത്തിനെതിരായ ആദ്യ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ശ്രേയസിനെ ശിക്ഷിച്ചിരുന്നു. സീസണിലെ ആദ്യ കുറ്റമായതിനാല്‍ 12 ലക്ഷം രൂപയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറ്റം ആവര്‍ത്തിച്ചതോടെ ശ്രേയസിന് പിഴത്തുക ഇരട്ടിയായപ്പോള്‍ മറ്റ് ടീം അംഗങ്ങൾ (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ) 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) പിഴയായി നൽകാനും അച്ചടക്ക സമിതി വിധിച്ചു.
ഐപിഎൽ പെരുമാറ്റച്ചട്ടം അനുസരിച്ച്, ഒരു ടീം നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ആദ്യ തവണ നായകന് മാത്രം 12 ലക്ഷം രൂപ പിഴ ചുമത്തുമെന്നാണ് ഐപിഎല്‍ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. രണ്ടാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ നായകന് 24 ലക്ഷം രൂപ പിഴയും ടീമിലെ മറ്റ് 11 അംഗങ്ങൾക്കും (ഇംപാക്ട് പ്ലെയർ ഉൾപ്പെടെ) 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25% ശതമാനമോ പിഴ ചുമത്തും. മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചാല്‍ നായകന് 30 ലക്ഷം രൂപ പിഴയും ഒരു മത്സരത്തിൽ വിലക്കും നേരിടേണ്ടിവരും. ടീമിലെ മറ്റ് അംഗങ്ങൾക്ക് 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50% ശതമാനമോ പിഴയായി നൽകേണ്ടിയും വരും. ചെന്നൈ ഇന്നിംഗ്സില്‍ നിശ്ചിത സമയത്ത് പഞ്ചാബ് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞിരുന്നത്. ഇതോടെ അവസാന രണ്ടോവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിയോഗിക്കാന്‍ പഞ്ചാബിനായുള്ളുവെങ്കിലും ഇത് മുതലെടുക്കാന്‍ പക്ഷെ ചെന്നൈക്കായിരുന്നില്ല.
മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്. ചെന്നൈക്കെതിരായ വിജയം ആഘോഷിക്കുമ്പോഴും അടുത്ത മത്സരത്തിൽ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് വിലക്ക് നേരിടേണ്ടി വരുമെന്നത് പഞ്ചാബ് ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!