കൊവിഡ് 19: ബിസിസിഐ ആസ്ഥാനം അടച്ചു; ഇനി 'പണി' വീട്ടിലിരുന്ന്

By Web TeamFirst Published Mar 16, 2020, 8:20 PM IST
Highlights

കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന് പിന്നാലെയാണ് ബിസിസിഐ ആസ്ഥാനവും തല്‍ക്കാലത്തേക്ക് അടച്ചത്.

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ജീവനക്കാരോട് ഇനിയുള്ള ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ അധികൃതര്‍ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന് പിന്നാലെയാണ് ബിസിസിഐ ആസ്ഥാനവും തല്‍ക്കാലത്തേക്ക് അടച്ചത്. ഏപ്രില്‍ 15വരെയാണ് ഐപിഎല്‍ മാറ്റിവെച്ചിരിക്കുന്നത് എങ്കിലും 15നുശേഷം വിദേശതാരങ്ങളെ ലഭിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്.

ആഗോള തലത്തില്‍ കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് 6000ല്‍ അധികം പേരാണ് മരിച്ചത്. 1,60000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ട് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 വൈറസ് ബാധ കായികലോകത്തെയാകെ നിശ്ചലമാക്കിയിട്ടുണ്ട്.

click me!