ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പാകിസ്ഥാൻ നൽകിയ പിന്തുണ ഐസിസി ഗൗരവമായാണ് കാണുന്നത്.
ദുബായ്: ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പിന്‍മാറിയാല്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത നടപടികളെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ പരസ്യമായി പിന്തുണച്ചും ഐസിസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തിയ പാക് ക്രിക്കറ്റ് ബോര്‍ഡ്(പിസിബി) ചെയര്‍മാന്‍ മൊഹ്സിൻ നഖ്‌വിയുടെ പ്രസ്താവനകളാണ് ഐസിസിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന് പിന്നാലെ പാകിസ്ഥാനും ലോകകപ്പ് ബഹിഷ്കരിച്ചാൽ, പാക് ക്രിക്കറ്റിനെ തകർക്കുന്ന തരത്തിലുള്ള കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.
ഐസിസിയെ ചൊടിപ്പിച്ച 'ബംഗ്ലാദേശ് നിലപാട്'
ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പാകിസ്ഥാൻ നൽകിയ പിന്തുണ ഐസിസി ഗൗരവമായാണ് കാണുന്നത്. പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചാൽ താഴെ പറയുന്ന നടപടികൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
- ഉഭയകക്ഷി പരമ്പരകൾക്ക് വിലക്ക്: മറ്റ് രാജ്യങ്ങളുമായി പാകിസ്ഥാൻ നടത്തുന്ന എല്ലാ മത്സരങ്ങളും സസ്പെൻഡ് ചെയ്യും.
- ഏഷ്യാ കപ്പിൽ നിന്ന് പുറത്താക്കും: വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല.
- പിഎസ്എൽ പ്രതിസന്ധി: പാകിസ്താൻ സൂപ്പർ ലീഗിൽ (പിഎസ്എല്‍) കളിക്കാൻ വിദേശ താരങ്ങൾക്ക് മറ്റ് ബോർഡുകൾ എൻഒസി നൽകുന്നത് തടയും.
ഇരട്ടത്താപ്പെന്ന് മൊഹ്സിൻ നഖ്‌വി
ഐസിസിയുടേത് ഇരട്ടത്താപ്പാണെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്നലെ ആരോപിച്ചിരുന്നു. ബംഗ്ലാദേശിനോട് കാണിക്കുന്നത് അനീതിയാണ്. ഒരു രാജ്യത്തിന് അവർക്ക് ഇഷ്ടമുള്ള തീരുമാനങ്ങൾ എടുക്കാം, എന്നാൽ മറ്റൊരു രാജ്യത്തിന് അതിന് സാധിക്കുന്നില്ല. ഇന്ത്യ-പാക് മത്സരങ്ങൾക്കായി മുൻപ് ഐസിസി വേദികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ബംഗ്ലാദേശിന് ആ പരിഗണന നൽകാത്തതെന്നും നഖ്‌വി ചോദിച്ചിരുന്നു. ക്രിക്കറ്റ് ലോകത്ത് ഒരു രാജ്യം മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേത്
ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് സർക്കാർ എടുക്കുന്ന തീരുമാനമായിരിക്കും അന്തിമമെന്നും നഖ്‌വി വ്യക്തമാക്കി. ഞങ്ങൾ ഐസിസിയുടെ കീഴിലല്ല, ഞങ്ങളുടെ സർക്കാരിനോടാണ് മറുപടി പറയേണ്ടത്. പ്രധാനമന്ത്രി തിരിച്ചെത്തിയാലുടൻ അദ്ദേഹം ഇക്കാര്യത്തിൽ തീരുമാനമെടുക്കും-നഖ്‌വി കൂട്ടിച്ചേർത്തു.
നിലവിൽ ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസി, പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ കൂടി പിന്മാറിയാൽ അത് ടൂർണമെന്‍റിന്‍റെ ആവേശത്തെ ബാധിക്കുമെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഐസിസി.


